ട്വിറ്ററിൽ മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധി- പുതിയ പഠനം പുറത്ത്
സർവേ കാലയളവിൽ പ്രതിദിനം ശരാശരി 1.7 ട്വീറ്റാണ് രാഹുൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ഇതേ കാലയളവിൽ ശരാശരി എട്ട് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവർമാരുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലെ ലൈക്ക്, റീട്വീറ്റ് അടക്കമുള്ള എൻഗേജ്‌മെന്റിന്റെ കാര്യത്തിലാണ് 20.4 മില്യൻ ആളുകൾ പിന്തുടരുന്ന രാഹുൽ 77.8 മില്യൻ ഫോളോവർമാരുള്ള മോദിയെ പിന്നിലാക്കിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്ക് സംഘമായ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനാണ്(ഒ.ആർ.എഫ്) പുതിയ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
സാമ്പത്തിക വിദഗ്ധരായ ഡോ. ഷമിക രവി, മുഡിറ്റ് കപൂർ എന്നിവർ ചേർന്നാണ് ഒ.ആർ.എഫിനു വേണ്ടി ഇത്തരമൊരു ഗവേഷണ പഠനം തയാറാക്കിയത്. Social Media and Political Leaders: An Exploratory Analysis എന്ന തലക്കെട്ടിൽ മാർച്ച് 15ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും ട്വിറ്റർ ഉപയോഗവും അതിനുള്ള പ്രതികരണവുമാണ് വിശകലനം ചെയ്തത്. ഇവർ എത്ര ട്വീറ്റുകൾ ഏതെല്ലാം ഭാഷയിൽ പോസ്റ്റ് ചെയ്തു, എത്രപേർ അവ പങ്കിടുകയും ലൈക്ക് ചെയ്യുകയും ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമായത്.
ഹിറ്റുണ്ടാക്കിയത് കോവിഡും കുടിയേറ്റ പ്രതിസന്ധിയും കർഷക സമരവും
2019 ജനുവരി ഒന്ന്-2021 ഡിസംബർ 31 കാലയളവിലെ രണ്ടു നേതാക്കളുടെയും ട്വിറ്റർ ഉപയോഗമാണ് ഗവേഷണത്തിന് ആശ്രയിച്ചത്. ഇതിൽ ലൈക്ക്, റീട്വീറ്റ്, ക്വാട്ട് എന്നിങ്ങനെയുള്ള എൻഗേജ്‌മെന്റിൽ പ്രധാനമന്ത്രിയെക്കാളും മൂന്നിരട്ടി മുന്നിലാണ് രാഹുൽ ഗാന്ധി. ഈ കാലയളവിൽ പ്രതിദിനം ശരാശരി 1.7 ട്വീറ്റുകളാണ് രാഹുൽ പോസ്റ്റ് ചെയ്തത്. ഇതിൽ 49 ശതമാനവും ഹിന്ദിയിലായിരുന്നു. എന്നാൽ, ഇതേ കാലയളവിൽ ശരാശരി എട്ട് ട്വീറ്റാണ് ദിവസവും മോദി പോസ്റ്റ് ചെയ്തിരുന്നത്. ഇതിൽ 72 ശതമാനവും ഇംഗ്ലീഷിലായിരുന്നു.
കോവിഡ് കൈകാര്യം ചെയ്യുന്നതിലെ സർക്കാർ വീഴ്ചയ്ക്കും ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയുമെല്ലാമാണ് രാഹുൽ ഗാന്ധിക്ക് കൂടുതൽ എൻഗേജ്‌മെന്റ് നൽകിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഇതോടൊപ്പം കർഷകസമരത്തിലുള്ള രാഹുലിന്റെ പ്രതികരണങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചു.
ട്വിറ്ററിന്റെ പുതിയ നയംമാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചതും രാഹുൽ ഗാന്ധിയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിനു ശേഷം ഫോളോവർമാരിൽ വലിയ ഇടിവുണ്ടായതായി നേരത്തെ രാഹുൽ ആരോപിച്ചിരുന്നു. ബലാത്സംഗ ഇരയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവച്ചതിനായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്. വലിയ വിമർശങ്ങൾക്കു പിന്നാലെ വിലക്ക് നീക്കുകയും ചെയ്തു.
ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റാണ് ഡോ. ഷമിക രവി. മുഡിറ്റ് കപൂർ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പത്തിക വിഭാഗത്തിൽ പ്രൊഫസറുമാണ്.
Summary: Congres leader Rahul Gandhi is way ahead of PM Narendra Modi in twitter engagement, a study by Observer Research Foundation finds
Adjust Story Font
16