പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് സത്യമറിയാനുള്ള എക്‌സറേയാണ് ജാതിസെൻസസ്: രാഹുൽ ഗാന്ധി
എൽ.കെ അദ്വാനി ബി.ജെ.പിയുടെ ലബോറട്ടറിയെന്ന് വിശേഷിപ്പിച്ച മധ്യപ്രദേശിൽ കർഷകർ മരിച്ചുവീഴുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഭോപ്പാൽ: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതിസെൻസസ് നടത്തണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് സത്യമറിയാനുള്ള എക്‌സറോയാണ് ജാതിസെൻസസ് എന്ന് മധ്യപ്രദേശിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
''എന്ത് വന്നാലും ജാതിസെൻസസ് നടത്താൻ ഞങ്ങൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച്, ദലിതരെക്കുറിച്ച്, ഗോത്ര വിഭാഗങ്ങളെക്കുറിച്ച് സത്യമറിയാനുള്ള എക്‌സറേയാണ് അത്''-മധ്യപ്രദേശിലെ ശാദോളിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.
ആദിവാസികൾക്ക് ഇന്ന് എന്ത് അവകാശമാണ് നൽകേണ്ടത്? ഒ.ബി.സി, എസ്.ടി വിഭാഗങ്ങൾക്ക് എന്താണ് നൽകേണ്ടത്? ഈ ചോദ്യമാണ് ഇന്ന് രാജ്യത്തിന് മുന്നിലുള്ളത്. അതുകൊണ്ടാണ് ജാതിസെൻസസിനെ കുറിച്ച് സംസാരിക്കുന്നത്. അത് നടപ്പാക്കുകതന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും യഥാർഥ ലബോറട്ടറി ഗുജറാത്തല്ല, മധ്യപ്രദേശ് ആണെന്നാണ് അദ്വാനി ഒരു പുസ്തകത്തിൽ പറഞ്ഞത്. ബി.ജെ.പിയുടെ ലബോറട്ടറിയിൽ ആളുകളുടെ പണം അപഹരിക്കപ്പെടുന്നു. ഓരോ ദിവസവും മൂന്നു കർഷകർ വീതം മധ്യപ്രദേശിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും രാഹുൽ കുറ്റപ്പെടുത്തി.
Adjust Story Font
16