Quantcast

സ്കൂട്ടറിൽ കോളജ് വിദ്യാർഥിനിയുടെ പിറകിലിരുന്ന് രാഹുൽ ​ഗാന്ധിയുടെ സവാരി; വീഡിയോ വൈറൽ

കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ​ഗാന്ധിയുടെ സ്കൂട്ടർ സവാരി.

MediaOne Logo

Web Desk

  • Updated:

    2023-09-23 15:00:47.0

Published:

23 Sep 2023 2:55 PM GMT

Rahul Gandhi Rides Pillion On College Students Scooter
X

ജയ്പൂർ: കോളജ് കോമ്പൗണ്ടിനകത്തും റോഡിലൂടെയും സ്കൂട്ടറോടിക്കുന്ന കോളജ് വിദ്യാർഥിനി, പിറകിലിരിക്കുന്നത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ മഹാറാണി കോളജിലാണ് സംഭവം. കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ​ഗാന്ധിയുടെ സ്കൂട്ടർ സവാരി.

ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ, കോളജിലെ പരിപാടിക്ക് ശേഷം വിദ്യാർഥിനിയുടെ സ്‌കൂട്ടറിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രം രാഹുൽ ​ഗാന്ധിയും വീഡിയോ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക എക്സ് ഹാൻഡിലും പങ്കുവച്ചിട്ടുണ്ട്.

പുറത്തുവന്ന 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ രാഹുൽ ​ഗാന്ധി വിദ്യാർഥിനിയുടെ സ്കൂട്ടറിലിരുന്ന് യാത്ര ചെയ്യുമ്പോൾ മറ്റു വിദ്യാർഥികളും അധ്യാപകരും അദ്ദേഹത്തിന്റെ സുരക്ഷാ സംഘവും മറ്റ് ഇരുചക്ര വാഹനങ്ങളിലായി അനു​ഗമിക്കുന്നത് കാണാം. കോളജിന് പുറത്തേക്ക് യാത്ര നീളുമ്പോൾ റോഡിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇരു വശങ്ങളിലുമായി നടന്ന് അനു​ഗമിക്കുന്നതും വീഡിയോയിലുണ്ട്.

'മീമാൻഷ ഉപാധ്യായയെപ്പോലുള്ള സ്ത്രീകളെ ശാക്തീകരിക്കുക, അവർ നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കും'- എന്ന് സ്കൂട്ടർ സവാരിയുടെ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ എക്സിൽ കുറിച്ചു.

'രാജസ്ഥാനിൽ ജനനായകൻ' എന്ന തലക്കെട്ടോടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ സ്‌കൂട്ടർ സവാരി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്‌കൂട്ടർ യാത്രയ്ക്ക് മുമ്പ് രാഹുൽ ഗാന്ധി മഹാറാണി കോളജിലെ വിദ്യാർഥികളുമായി സംവദിക്കുകയും മികച്ച വിദ്യാർഥികൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌, സംസ്ഥാന തെരഞ്ഞെടുപ്പ് കോർകമ്മിറ്റി കൺവീനർ സുഖ്‌ജീന്ദർ രൺധാവ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര എന്നിവർ ശനിയാഴ്ച രാവിലെ ജയ്പൂർ വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിച്ചു.

തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും ഫലകം അനാച്ഛാദനവും രാഹുൽ നിർവഹിച്ചു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഒരു പൊതു റാലിയിലും ഇരു നേതാക്കളും സംസാരിച്ചു.




TAGS :

Next Story