Quantcast

രാഹുലിന്‍റെ ഗോവയിലെ യാത്ര മോട്ടോര്‍ സൈക്കിള്‍ ടാക്സിയില്‍

നാലോ അഞ്ചോ വ്യവസായികള്‍ക്കാണ് ഇന്ധനവില വര്‍ധനയുടെ ഗുണം ലഭിക്കുന്നതെന്ന് രാഹുല്‍

MediaOne Logo

Web Desk

  • Published:

    30 Oct 2021 2:04 PM GMT

രാഹുലിന്‍റെ ഗോവയിലെ യാത്ര മോട്ടോര്‍ സൈക്കിള്‍ ടാക്സിയില്‍
X

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധി ഗോവയിലെത്തി. മോട്ടോര്‍ സൈക്കിള്‍ ടാക്സിയിലാണ് ഗോവയിലെത്തിയ രാഹുല്‍ യാത്ര ചെയ്തത്. ബാംബോലിം മുതല്‍ പനജിയിലെ ആസാദ് മൈതാനം വരെയാണ് രാഹുല്‍ മോട്ടോര്‍ സൈക്കിള്‍ ടാക്സിയില്‍ സഞ്ചരിച്ചത്. മത്സ്യത്തൊഴിലാളികളോടും വിദ്യാർഥികളോടും രാഹുല്‍ സംസാരിച്ചു.

ഗോവയെ മാലിന്യക്കൂമ്പാരമാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. ഗോവയെ കോള്‍ ഹബ് ആക്കാന്‍ സമ്മതിക്കില്ല. എന്തുവില കൊടുത്തും ഗോവയുടെ പരിസ്ഥിതി സംരക്ഷിക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി. കോണ്‍ഗ്രസ് പ്രകടന പത്രിക വെറും വാഗ്ദാനമല്ല. സുതാര്യമായ തെരഞ്ഞെടുപ്പ് പത്രിക കോണ്‍ഗ്രസ് പുറത്തിറക്കും. കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് പാലിച്ചു. പഞ്ചാബിലും കര്‍ണാടകയിലും കോണ്‍ഗ്രസ് വാഗ്ദാനം പാലിച്ചെന്ന് രാഹുല്‍ പറഞ്ഞു.

ഇന്ധനവില വര്‍ധന ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആഗോളതലത്തില്‍ ഇന്ധനവില ബാരലിന് 140 ഡോളര്‍ വരെയായിരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വില വളരെ കുറവാണ്. എന്നിട്ടും പ്രതിദിനം ഇന്ധനവില ഉയരുന്നു. ഇന്ത്യയാണ് ലോകത്തുതന്നെ ഇന്ധനവിലയ്ക്ക് ഏറ്റവും ടാക്സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാലോ അഞ്ചോ വ്യവസായികള്‍ക്കാണ് ഇതുകൊണ്ട് ഗുണം ലഭിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. മോദി കൂടുതല്‍ ശക്തനാവാന്‍ കാരണം കോണ്‍ഗ്രസാണെന്ന് മമത കുറ്റപ്പെടുത്തി. പ്രാദേശിക പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാവാതെ ബിജെപിയെ വളരാന്‍ അനുവദിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് വിമര്‍ശനം. പ്രാദേശിക പാർട്ടികൾക്ക് കൂടുതല്‍ സീറ്റ് നൽകുമെന്ന് മമത വ്യക്തമാക്കി. പ്രാദേശിക പാർട്ടികൾ ശക്തമാകുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. ഫെഡറൽ ഘടന ശക്തമായിരിക്കണം. എല്ലാ സംസ്ഥാനങ്ങളും ശക്തമായിരിക്കണം. എല്ലാ സംസ്ഥാനങ്ങളും ശക്തമാണെങ്കിൽ, കേന്ദ്രവും ശക്തമാകുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

40 അംഗ സഭയിൽ കഴിഞ്ഞ തവണ 13 സീറ്റിലാണ് ബിജെപി വിജയിച്ചത്. 10 കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ചാണ് ബിജെപി ഭൂരിപക്ഷം നേടിയത്. ഗോവ ലക്ഷ്യംവെച്ച് മമത കൂടി രംഗത്തുവന്നതോടെ കോൺഗ്രസ് ആശങ്കയിലാണ്. ഗോവ പിടിച്ചാല്‍ കേന്ദ്രവും പിടിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞകാല കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം അണികളെ ഊര്‍ജ്വസ്വലരാക്കാന്‍ ശ്രമിക്കുകയുണ്ടായി.

TAGS :

Next Story