Quantcast

'രണ്ട് കസേര, ഷാമ്പൂ ചെയര്‍, ഇന്‍വെര്‍ട്ടര്‍ സെറ്റ്'; മാസങ്ങള്‍ക്ക് മുന്‍പ് താടി ട്രിം ചെയ്തുകൊടുത്ത ബാര്‍ബര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സമ്മാനം

വ്യാഴാഴ്ചയാണ് ഷോപ്പിലേക്ക് ആവശ്യമുള്ള ഒരു 'ലോഡ് സമ്മാനം' മിഥുനെ തേടിയെത്തിയത്

MediaOne Logo

Web Desk

  • Published:

    14 Sep 2024 2:25 AM GMT

UP Barber
X

റായ്ബേറലി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താടി ട്രിം ചെയ്തുകൊടുത്ത ഉത്തര്‍പ്രദേശ് റായ്ബറേലിയിലുള്ള ബാര്‍ബര്‍ മിഥുന്‍ കുമാറിനെ ആരും മറക്കാനിടയില്ല. രാഹുലിന്‍റെ വരവോടെ സെലിബ്രിറ്റി ഷോപ്പായി മാറിയ സലൂണില്‍ പിന്നെ കസ്റ്റമേഴ്സിന്‍റെ തിരക്കായി. നിരവധി പേരാണ് ഷോപ്പ് അന്വേഷിച്ചു ഇവിടെയത്തുന്നത്. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം മിഥുനെ തേടി രാഹുല്‍ ഗാന്ധിയുടെ സമ്മാനമെത്തിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഷോപ്പിലേക്ക് ആവശ്യമുള്ള ഒരു 'ലോഡ് സമ്മാനം' മിഥുനെ തേടിയെത്തിയത്.

'' മൂന്നു മാസത്തിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച ഒരു വാഹനം എന്‍റെ കടയുടെ മുന്നില്‍ വന്നുനിന്നു. രണ്ടുപേര്‍ ആ വാഹനത്തില്‍ നിന്ന് രണ്ട് കസേരകളും ഒരു ഷാമ്പൂ ചെയറും ഇന്‍വെര്‍ട്ടര്‍ സെറ്റും എടുത്ത് എന്‍റെ സലൂണില്‍ വച്ചു'' മിഥുന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയാണ് സമ്മാനങ്ങള്‍ അയച്ചതെന്ന് പാര്‍ട്ടി ഭാരവാഹി മിഥുനോട് വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മേയ് 13ന് ലാല്‍ഗഞ്ചില്‍ നടന്ന ഒരു പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ആ വഴി പോകുമ്പോള്‍ ബ്രിജേന്ദ്ര നഗറിലെ മിഥുന്‍റെ സലൂണില്‍ കയറുകയും താടി ട്രിം ചെയ്യുകയുമായിരുന്നു. മിഥുനോട് രാഹുല്‍ ഏറെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സംസാരവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. താങ്കളുടെ മുടി ആരാണ് കട്ട് ചെയ്യുന്നതെന്നും മുടി വെട്ടാന്‍ പഠിച്ചത് എവിടെ നിന്നാണെന്നും രാഹുല്‍ ചോദിച്ചിരുന്നു. സലൂണിന്‍റെ വാടകയും മറ്റ് ചെലവുകളെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് ആരാഞ്ഞിരുന്നു. ഷേവിങ് കഴിഞ്ഞ് മടങ്ങാന്‍ നേരം മിഥുന് 50 രൂപയ്ക്ക് പകരം 500 രൂപയാണ് രാഹുല്‍ ഗാന്ധി നൽകിയത്. ജീവനക്കാര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

"രാഹുൽ ഗാന്ധി എല്ലായ്‌പ്പോഴും വിവിധ ജനവിഭാഗങ്ങളെ കാണുകയും അവരുടെ ആവശ്യങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ റായ്ബറേലിയിലെ ലാൽഗഞ്ചിലുള്ള മിഥുൻ്റെ സലൂണിലാണ് രാഹുൽ ഗാന്ധി മുടിയും താടിയും വെട്ടിയത്." യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു.

TAGS :

Next Story