Quantcast

മണിപ്പൂരിലെ സഹോദരങ്ങളെ കേൾക്കാനാണ് വന്നത്, സര്‍ക്കാര്‍ തടയുന്നത് ദൗർഭാഗ്യകരം: രാഹുല്‍ ഗാന്ധി

'എല്ലാ വിഭാഗങ്ങളും എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനു മാത്രമാകണം മുൻഗണന'

MediaOne Logo

Web Desk

  • Updated:

    2023-06-29 16:03:47.0

Published:

29 Jun 2023 2:10 PM GMT

Rahul Gandhi slams unfortunate govt actions as police blocks his convoy manipur
X

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷ ബാധിതരെ കാണാനെത്തിയ തന്നെ പൊലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ തന്നെ തടയുന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിലെ സഹോദരങ്ങൾക്ക്‌ പറയാനുള്ളത് കേൾക്കാനാണ് ഇവിടെയെത്തിയത്. എല്ലാ വിഭാഗങ്ങളും സ്നേഹത്തോടെ സ്വീകരിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനു മാത്രമാകണം മുൻഗണനയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധിയുടെ ഇന്നത്തെ സന്ദർശനം പൂർത്തിയായി. കുകി വിഭാഗത്തിന്‍റെയും മെയ്തെയ് വിഭാഗത്തിന്‍റെയും ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് രാഹുല്‍ എത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ രാഹുല്‍ കുട്ടികളോടൊപ്പം ഭക്ഷണം പങ്കിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാഹുല്‍ ആശ്വസിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദർശനം രണ്ടു മണിക്കൂറോളമാണ് പെരുവഴിയിൽ കുടുങ്ങിയത്. ഇംഫാലിൽ നിന്നും 28 കിലോമീറ്റർ അകലെ ബിഷ്ണുപുരത്താണ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞത്. അക്രമാസക്തരായ ആളുകളുള്ള പ്രദേശമായതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. രാഹുൽ ഗാന്ധിയെ തടഞ്ഞതായി വാർത്ത പ്രചരിച്ചതോടെ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ഇരച്ചെത്തി. ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. മെയ്തെയ് വിഭാഗത്തിന്‍റെ ക്യാമ്പും രാഹുല്‍ സന്ദര്‍ശിച്ചു.

"മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ അറിയാനാണ് രാഹുല്‍ ഗാന്ധി വന്നത്. രാഷ്ട്രീയം കളിക്കാനല്ല വന്നത്. എന്തിനാണ് അദ്ദേഹത്തെ റോഡില്‍ തടയുന്നത്?"- ജനക്കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീ ചോദിച്ചു.

സ്നേഹ സന്ദേശവുമായി എത്തുന്ന രാഹുൽ ഗാന്ധിയെ ബി.ജെ.പി സർക്കാർ ഭയക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ വിമര്‍ശിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനം എങ്ങനെയാണ് ക്രമസാധാന പ്രശ്നം സൃഷ്ടിക്കുന്നത്? രാഹുൽ ഗാന്ധിക്ക് റോഡ് മാർഗം പോകാൻ നേരത്തെ അധികാരികൾ അനുമതി നൽകിയതാണ്. മണിപ്പൂരിന്‍റെ കണ്ണീരൊപ്പാൻ മാത്രം പ്രധാനമന്ത്രിക്ക് സമയമില്ല. രണ്ടു മാസമായിട്ടും മണിപ്പൂരിൽ സമാധാനം സ്ഥാപിക്കണമെന്ന ഒരു വാക്ക് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായില്ല. രാഹുൽ ഗാന്ധി ജനങ്ങൾക്കൊപ്പം നിൽക്കാൻ എപ്പോഴെല്ലാം പോയിട്ടുണ്ടോ അപ്പോഴെല്ലാം തടഞ്ഞിട്ടുണ്ടെന്നും സുപ്രിയ വിമര്‍ശിച്ചു.

അതേസമയം മണിപ്പൂരിൽ രാഹുൽ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബി.ജെ.പി വിമര്‍ശിച്ചു.

TAGS :

Next Story