Quantcast

'ഈ മനുഷ്യൻ വേറെ ലെവൽ'; നേതാക്കളെല്ലാം അംബാനി കല്യാണത്തിൽ- ഡൽഹിയിലെ ലോക്കൽ സ്‌റ്റോറിൽ പിസ കാത്ത് രാഹുൽ

പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത അതേ ദിവസമാണ് രാഹുലിന്റെ വീഡിയോ ശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Updated:

    2024-07-14 08:48:01.0

Published:

14 July 2024 8:39 AM GMT

ഈ മനുഷ്യൻ വേറെ ലെവൽ; നേതാക്കളെല്ലാം അംബാനി കല്യാണത്തിൽ- ഡൽഹിയിലെ ലോക്കൽ സ്‌റ്റോറിൽ പിസ കാത്ത് രാഹുൽ
X

ന്യൂഡൽഹി: ഡൽഹിയിലെ സാധാരണ ഹോട്ടലിൽ പിസ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന അതേ ദിവസമാണ് രാഹുലിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായത്. നിരവധി പേർ വീഡിയോ പലതരം ക്യാപ്ഷനോടെ പങ്കുവച്ചു.

റസ്റ്ററന്‍റില്‍ എത്തിയ ഉപഭോക്താക്കളിൽ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്തത്. പരമാവധി സൂം ചെയ്യൂ എന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. നീല ടീ ഷർട്ടിട്ടാണ് രാഹുൽ ഭക്ഷണം കാത്തിരിക്കുന്നത്. അഭിമുഖമായി ഇരിക്കുന്ന ആരോടോ സംസാരിക്കുന്നതും കാണാം.

'എല്ലാവരും മുംബൈയിൽ അംബാനി കുടുംബത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ ഈ മനുഷ്യൻ ഒരു പിസയ്ക്ക് കാത്തിരിക്കുന്നു. ഈ മനുഷ്യൻ വ്യത്യസ്തനാണ്' എന്നാണ് ഒരുപാട് പേർ വീഡിയോക്ക് ക്യാപ്ഷനിട്ടത്. വീഡിയോ എന്നാണ് ഷൂട്ട് ചെയ്തത് എന്നതിൽ വ്യക്തതയില്ല.



അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തിൽ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പങ്കെടുത്തപ്പോൾ രാഹുൽ തന്റെ ക്ലാസ് തെളിയിച്ചു എന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ എക്‌സിൽ കുറിച്ചു. അംബാനിയുടെ വിവാഹത്തിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതിനെ കുറിച്ച് രാഹുൽ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.




മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിലേക്ക് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ഞായറാഴ്ച വിവാഹച്ചടങ്ങിനെത്തി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളും വിവാഹത്തിനെത്തി. ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ തുടങ്ങിയവരും വധൂവരന്മാരെ ആശീർവദിക്കാനെത്തി.


വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വധൂവരന്മാര്‍ക്കൊപ്പം. മുകേഷ് അംബാനിയും നിത അംബാനിയും സമീപം


മാസങ്ങള്‍ നീണ്ട ആഡംബര പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് ശേഷമാണ് ആനന്ദ് അംബാനി വധു രാധിക മെർച്ചന്റിന്റെ കഴുത്തിൽ മിന്നുകെട്ടിയത്. കിം കർദാഷിയാൻ, കോലെ കർദാഷിയാൻ, നിക് ജോനാസ്, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, രജനീകാന്ത്, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലയർ, ബോറിസ് ജോൺസൺ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിങ് ധോണി തുടങ്ങി രാഷ്ട്രീയ, വിനോദ, വ്യവസായ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തു. 16000 പേർക്ക് ഇരിക്കാവുന്ന മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിലാണ് വിവാഹം.

മുകേഷ് അംബാനിയുടെ ഇളയമകനാണ് 29കാരനായ ആനന്ദ് അംബാനി. റിലയൻസിന്റെ എനർജി ബിസിനസ് കമ്പനികളിലെ ഡയറക്ടറാണ്. 29കാരിയായ വധു രാധിക മെർച്ചന്റ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എൻകോർ ഹെൽത്ത്‌കെയറിന്റെ സ്ഥാപകരായ വിരേൻ മെർച്ചന്റിന്റെയും ഷീലയുടെയും മകളാണ്. ഏകദേശം അയ്യായിരം കോടി രൂപയാണ് അംബാനി കുടുംബം വിവാഹാഘോഷങ്ങൾക്കായി ചെലവഴിക്കുന്നത്.

TAGS :

Next Story