അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്; ക്ഷേത്ര ദർശനം നിഷേധിച്ചു
അനുമതി നിഷേധിക്കാൻ എന്ത് കുറ്റം ചെയ്തെന്ന് രാഹുൽ ചോദിച്ചു.
ഗുവാഹത്തി: ഭാരത് ജോഡോ യാത്രയ്ക്കിടെ അസമിൽ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു. നാഗോൺ ജില്ലയിലെ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് നടപടി. സത്രത്തിന് മുന്നിൽ രാഹുലിനെ തടഞ്ഞ പൊലീസ് ഇവിടുത്തെ ക്ഷേത്ര ദർശനം നിഷേധിക്കുകയും ചെയ്തു.
അനുമതി നിഷേധിക്കാൻ എന്ത് കുറ്റം ചെയ്തെന്ന് രാഹുൽ ചോദിച്ചു. സന്യാസി ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ് തീർഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം. പ്രവേശനാനുമതി നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും നാഗോണിലെ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.
അനുമതി നിഷേധിക്കാൻ കാരണമെന്തെന്ന് പല തവണ ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ പൊലീസ് തയാറായില്ല. 'സ്ഥലം എം.പിക്ക് വേണമെങ്കിൽ പ്രവേശിക്കാം, രാഹുൽ ഗാന്ധിക്ക് പോകാനാവില്ല' എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെയാണ് രാഹുലും കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
"ഞങ്ങൾ ക്ഷേത്രത്തിൽ പോവാൻ ശ്രമിച്ചതാണ്. അതിന് ഞങ്ങളെ ക്ഷണിച്ചതാണ്. എന്നിട്ട് ഇപ്പോൾ പറയുന്നു ദർശനം നടത്താൻ കഴിയില്ലെന്ന്. ഞങ്ങൾ ബലമായി ഒന്നും ചെയ്യാൻ പോകുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെ യാത്ര നടത്തണം. എന്താണ് തടയാൻ കാരണമെന്നാണ് ചോദിക്കാനുള്ളത്. ഞങ്ങൾ ആരെയും ശല്യപ്പെടുത്താൻ പോവുന്നില്ല"- രാഹുൽ ഗാന്ധി പറഞ്ഞു.
എഐസിസി നേതാക്കളായ കെ.സി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയവരും സംസ്ഥാന നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
"രാഹുൽ ഗാന്ധിക്ക് അവിടെ പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ ജനുവരി 11 മുതൽ അതിനായി ശ്രമിച്ചുവരികയായിരുന്നു. ഞങ്ങളുടെ രണ്ട് എംഎൽഎമാർ അതിനായി മാനേജ്മെന്റിനെ കണ്ടു. ജനുവരി 22ന് രാവിലെ ഏഴിന് ഞങ്ങൾ അവിടെ വരുമെന്ന് അവരോട് പറഞ്ഞിരുന്നു. വന്നോളൂ, സ്വാഗതം ചെയ്യാമെന്ന് അവർ ഞങ്ങളോട് പറഞ്ഞതുമാണ്. എന്നാൽ മൂന്നു മണി വരെ അവിടേക്ക് വരാൻ കഴിയില്ലെന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് പെട്ടെന്ന് ഞങ്ങളെ വിളിച്ച് പറയുകയായിരുന്നു"- മുതിർന്ന നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
"സംസ്ഥാന സർക്കാരിന്റെ സമ്മർദം മൂലമാണ് മാനേജ്മെന്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവിടെ പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുള്ളതാണ്"- അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ക്ഷേത്രം സന്ദർശിക്കാൻ എത്തിയാൽ മതിയെന്ന് രാഹുൽ ഗാന്ധിയോട് ശ്രീകോവിൽ മാനേജ്‌മെന്റ് പറഞ്ഞിരുന്നു. ഇന്ന് 10000 പേർ ക്ഷേത്രം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബട്ടദ്രവ തൻ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ജോഗേന്ദ്ര നാരായൺ ദേവ് മഹന്ത പറഞ്ഞു.
“ആ സമയത്ത് രാഹുൽ ഗാന്ധി ഇവിടെ വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന പ്രക്രിയയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അദ്ദേഹത്തിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം വരാം. ഞങ്ങൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകാം. ഇക്കാര്യം ഞങ്ങൾ ഇതിനകം എംഎൽഎ, ജില്ലാ കമ്മീഷണർ, എസ്പി എന്നിവരെ അറിയിച്ചിട്ടുണ്ട്."- മഹന്ത പറഞ്ഞു. അതേസമയം, എം.പിയെയും എം.എൽ.എയെയും ക്ഷേത്രം സന്ദർശിക്കാൻ അനുവദിച്ചതായി അധികൃതർ പറഞ്ഞു.
ഞായറാഴ്ച, അസമിൽ രാഹുൽ ഗാന്ധി സഞ്ചരിച്ച ബസ് ജയ് ശ്രീറാം, മോദി മോദി മുദ്രാവാക്യം മുഴക്കി ബിജെപി- സംഘ്പരിവാർ പ്രവർത്തകർ ആക്രമിച്ചിരുന്നു. അസമിലെ സോണിത്പൂരിലായിരുന്നു സംഭവം. യാത്രയെ അനുഗമിച്ചെത്തിയവരുടെ ഇടയിലേക്കാണ് പ്രകോപന മുദ്രാവാക്യങ്ങളുയർത്തി ബിജെപി പ്രവർത്തകരെത്തിയത്.
ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെട്ട രാഹുൽ പ്രവർത്തകർക്കിടയിലേക്കിറങ്ങി. പിന്നീട് പാർട്ടി പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രാഹുലിനെ ബസിലേക്ക് തിരികെ കയറ്റുകയായിരുന്നു.
'20-25 ബിജെപി പ്രവർത്തകർ വടിയുമേന്തി ബസിന് മുന്നിൽ വന്നു. ഞാൻ ബസിൽ നിന്ന് ഇറങ്ങിയതോടെ അവർ ഓടിപ്പോയി. കോൺഗ്രസിന് ബിജെപിയെയും ആർഎസ്എസിനേയും ഭയമാണെന്നാണ് അവർ കരുതുന്നത്. അവർ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയേയോ ഞങ്ങൾ ഭയക്കുന്നില്ല'- സംഘർഷത്തിന് ശേഷം റാലിയിൽ രാഹുൽ പറഞ്ഞു.
Adjust Story Font
16