'ഇന്ത്യ'യെന്ന് നിര്‍ദേശിച്ചത് രാഹുല്‍, എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു
'രാഹുലിന്‍റെ സർഗാത്മകത പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു'
ബംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരു നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അഹ്‍വാദ്. രാഹുലിന്‍റെ സർഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ' എന്ന പേരിൽ മത്സരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്റ് ചെയ്തു.
'നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാം' എന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്റില്‍ വ്യക്തമാക്കി. ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്. സഖ്യം (Alliance) എന്നല്ല മുന്നണി (Front) എന്നാണ് വേണ്ടതെന്ന് ഇടതു പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിന്‍റെ കൂടെ എന്‍.ഡി.എ എന്നു വേണ്ടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കി. 26 പാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്.
നിങ്ങള്‍ക്ക് ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിയുമോയെന്ന് ബി.ജെ.പിയോടും എന്‍.ഡി.എയോടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. സി.ബി.ഐ, ഇ.ഡി തുടങ്ങിയവയെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ഒരുമിച്ച് നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യോഗത്തില്‍ ആഹ്വാനമുണ്ടായി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, ശരത് പവാർ, അരവിന്ദ് കെജ്‍രിവാൾ, നിധീഷ് കുമാര്‍, ലാലുപ്രസാദ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ചണിനിരക്കുക എന്നതാണ് ലക്ഷ്യം.
Summary- It was Rahul Gandhi who came up with the name 'INDIA', tweeted Jitendra Ahwad of the Nationalist Congress Party. "His creativity was greatly appreciated"
Adjust Story Font
16