രാഹുൽ ഗാന്ധിയെ മൂന്നാം ദിവസവും ചോദ്യം ചെയ്യും; എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രതിഷേധത്തിന് സാധ്യത
ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമാണ് ഇ. ഡി രാഹുലിനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി അംഗീകരിച്ചില്ല . രണ്ടാം ദിവസം 10 മണിക്കൂറിലേറെ ആണ് ചോദ്യം ചെയ്യൽ നീണ്ടത്. ഒന്നാം ദിവസം ഏഴുമണിക്കൂറും ചോദ്യം ചെയ്തിരുന്നു.
ഓഹരി വാങ്ങുന്നതിനായി കൊൽക്കത്തയിലുള്ള സ്വകാര്യ കമ്പനി യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമായിട്ടാണെന്നാണ് രാഹുൽ ഇ.ഡിക്ക് നൽകിയിരിക്കുന്ന മൊഴി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഇഡിക്ക് മൊഴി നൽകി. എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിക്കുകയും എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇന്നലെ രാഹുലിനെ അനുഗമിച്ച രൺദീപ് സുർജേവാല, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജെബി മേത്തർ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ ആസ്തി രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാർട്ടി സ്ഥാപനത്തിന് നൽകിയ ഗ്രാൻഡ് എന്ന കോൺഗ്രസിന്റെ അവകാശവാദം മറികടക്കാൻ ഈ 2000 കോടി രൂപയുടെ കണക്കുകൾ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവിൽ രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യൽ.
Adjust Story Font
16