രാഹുല്‍ ഗാന്ധിയുടെ ടി ഷര്‍ട്ട് നിര്‍മിച്ചത് തിരുപ്പതിയിലെന്ന് കോണ്‍ഗ്രസ്
രാഹുലിന്‍റെ ടി ഷര്‍ട്ട് വിദേശനിര്‍മിതമെന്ന അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
ഭാരത് ജോഡോ യാത്ര പര്യടനം തുടരുന്നതിനിടെ, രാഹുല്‍ ഗാന്ധി ധരിച്ച ടി ഷര്‍ട്ടിനെ ചൊല്ലി ബി.ജെ.പി- കോണ്‍ഗ്രസ് വാക്പോര് തുടരുകയാണ്. 41000 രൂപയുടെ ടി ഷര്‍ട്ടാണ് രാഹുൽ ധരിച്ചതെന്നും രാജ്യം ഇതു കാണുന്നുണ്ടെന്നുമാണ് ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്. പിന്നാലെ രാഹുല്‍ ധരിക്കുന്നത് വിദേശ നിര്‍മിത ടി ഷര്‍ട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. എന്നാല്‍ തിരുപ്പൂരില്‍ നിര്‍മിച്ച ടി ഷര്‍ട്ടാണ് രാഹുല്‍ ധരിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.
"കാൽനടയാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20000 ടി ഷർട്ടുകൾ ഓർഡർ ചെയ്തു. ഇതിൽ നാലെണ്ണം ഒഴികയെുള്ളവയിൽ നേതാക്കളുടെ ചിത്രം പതിപ്പിച്ചു. ചിത്രം പതിക്കാത്ത ടി ഷർട്ടാണ് രാഹുൽ ധരിച്ചത്"- തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അഴഗിരി പറഞ്ഞു.
രാഹുലിന്‍റെ നടത്തം തമിഴ്നാട്ടിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് അഴഗിരി അവകാശപ്പെട്ടു. പ്രതീക്ഷിച്ചതിലും ദശലക്ഷക്കണക്കിന് ആളുകൾ കാൽനടയാത്രയിലേക്ക് ഒഴുകിയെത്തി. രാഹുലിന്‍റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകർഷിക്കുന്നു. കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല അദ്ദേഹം ഈ യാത്ര ആരംഭിച്ചത്. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി പറഞ്ഞു.
രാഹുലിന്‍റെ യാത്രയിലെ ആൾക്കൂട്ടം കണ്ട് പേടിച്ചാണ് ബി.ജെ.പി വസ്ത്രം ചർച്ചയാക്കുന്നതെന്നും കോൺഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നുപോയോ എന്നും കോൺഗ്രസ് ചോദിക്കുന്നു. ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിലാണ് കോൺഗ്രസിന്റെ മറുപടി.
"ഭാരത് ജോഡോ യാത്രയിൽ ഒരുമിച്ചു കൂടിയ ആളുകളെ കണ്ട് നിങ്ങൾ ഭയന്നോ? പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ. തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും സംസാരിക്കൂ. വസ്ത്രത്തെ കുറിച്ച് ചർച്ച ചെയ്യുകയാണെങ്കിൽ മോദിജി ധരിച്ച സ്യൂട്ടിന് 10 ലക്ഷം രൂപ വിലയുണ്ട്. കണ്ണടയ്ക്ക് ഒന്നര ലക്ഷം രൂപയും. അതും ചർച്ച ചെയ്യാം"- എന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്.
Adjust Story Font
16