അടി കിട്ടിയിടത്തു നിന്ന് അടി തുടങ്ങാൻ രാഹുൽ; കർണാടക പ്രചാരണത്തിന്റെ തുടക്കം കോലാറിൽ
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്
rahul gandhi
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോലാറിൽനിന്ന് ആരംഭിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2019ൽ കോലാറിലെ റാലിയിൽ വച്ച് നടത്തിയ പരാമർശത്തിന്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ വയനാട്ടിൽ നിന്നുള്ള അംഗത്തെ ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കിയിരുന്നു. ഡൽഹിയിലെ വീടൊഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ അഞ്ചിന് രാഹുൽ കോലാറില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. 224 അംഗ നിയമസഭയിലേക്ക് മെയ് പത്തിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണൽ. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ട്രബ്ൾ ഷൂട്ടർ ഡി.കെ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രചാരണം.
രാഹുലിനെതിരെയുള്ള കേസ്
എല്ലാ കള്ളന്മാർക്കും മോദി എന്ന തറവാട്ടുപേര് എങ്ങനെ വന്നു എന്നാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ കോലാറില്‍ പ്രസംഗിച്ചത്. പ്രസ്താവന മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ഗുജറാത്ത് എംഎൽഎ പൂർണേഷ് മോദിയാണ് സൂറത്ത് കോടതിയെ സമീപിച്ചത്. കേസിൽ മാർച്ച് 23നാണ് കോടതി രാഹുൽ കുറ്റക്കാരനാണ് എന്ന് വിധിച്ചത്. അപകീർത്തി കേസിലെ പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവും വിധിച്ചു.
ഇതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ഡൽഹിയിലെ വീടൊഴിയാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് കത്തും നൽകി. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മേൽക്കോടതിയിൽ രാഹുൽ അപ്പീൽ നൽകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Adjust Story Font
16