രാഹുൽ റായ്ബറേലിയിൽ; വയനാട് മണ്ഡലം ഒഴിയും
വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും
ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും.
സ്‌നേഹവും വാത്സല്യവും നൽകിയ വയനാട്ടിലെ ജനങ്ങൾക്ക് നന്ദി എന്നാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചത്. രണ്ട് മണ്ഡലവുമായുള്ള ആത്മബന്ധം നിലനിർത്താൻ തന്നെയാണ് പ്രിയങ്കയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്നും വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
"കഠനിമായ സമയങ്ങളിൽ എനിക്ക് പോരാടാൻ വയനാട്ടിലെ ജനങ്ങൾ ശക്തി പകർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അവിടെ പ്രിയങ്ക മത്സരിക്കാൻ പോകുന്നത്. വയനാട്ടിലെ എല്ലാ മനുഷ്യരോടും എനിക്ക് സ്‌നേഹമാണ്. വയടനാടുകാർക്ക് ഇനി രണ്ട് എംപിമാർ ലോക്‌സഭയിൽ ഉണ്ടാകും. വയനാടുകാർക്കായി എന്നും ഞാൻ വാതിൽ തുറന്നിട്ടിരിക്കുകയാണ്". രാഹുൽ പറഞ്ഞു.
വയനാടും റായ്ബറേലിയും ഒരുപോലെ പ്രിയങ്കരം എന്ന് തന്നെയാണ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചത്. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്.
Adjust Story Font
16