Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ച് രാഹുൽ ഗാന്ധി

ഹരിയാനയിലെ അപ്രതീക്ഷിത തോൽവിയുടെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിൽ രാഹുൽ ​ഗാന്ധിയുടെ അടിയന്തര ഇടപെടൽ.

MediaOne Logo

Web Desk

  • Published:

    14 Oct 2024 5:06 AM GMT

Rahul Gandhi to review Congresss preparedness in Maharashtra after Haryana loss
X

ന്യൂഡൽഹി: ഹരിയാനയിലെ അപ്രതീക്ഷ തോൽവിക്ക് പിന്നാലെ മഹാരാഷ്ട്രയിൽ അവലോകനയോഗം വിളിച്ച് രാഹുൽ ഗാന്ധി. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോലെ, വിജയ് വഡേട്ടിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹെബ് തോറാത്ത്, വർഷ ഗെയ്ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ഹരിയാനയിൽ വിജയമുറപ്പിച്ച കോൺഗ്രസിന് അപ്രതീക്ഷിത തോൽവി വലിയ തിരിച്ചടിയായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം നേട്ടമാവുമെന്ന് കരുതിയ കോൺഗ്രസിന് ആസൂത്രണത്തിലെ പിഴവാണ് വിനയായത്. ഭൂപീന്ദർ സിങ് ഹൂഡയെ മാത്രം കേന്ദ്രീകരിച്ച് തന്ത്രങ്ങൾ മെനഞ്ഞപ്പോൾ ദലിത് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. 90 അംഗ സഭയിൽ 48 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 37 സീറ്റാണ് നേടിയത്.

ഹരിയാനയിലെ തോൽവിക്ക് പിന്നാലെ ശിവസേന, തൃണമൂൽ കോൺഗ്രസ് തുടങ്ങി ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് തന്നിഷ്ടം നടപ്പാക്കിയതാണ് തോൽവിക്ക് കാരണമായത് എന്നായിരുന്നു വിമർശനം. മഹാരാഷ്ട്രയിൽ കോൺഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എൻസിപി ശരദ് പവാർ പക്ഷം ഒരുമിച്ച് മഹാ വികാസ് അഘാഡി സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇതേ പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മഹാരാഷ്ട്ര നിയമസഭയിൽ 288 സീറ്റാണുള്ളത്. നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് സൂചന.

TAGS :

Next Story