Quantcast

രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍; തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പങ്കെടുക്കും

ഹുബ്ബള്ളിയിൽ രാവിലെ പത്തരയോടെ എത്തുന്ന രാഹുൽ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    23 April 2023 1:17 AM GMT

Rahul Gandhi
X

രാഹുല്‍ ഗാന്ധി

ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾക്ക് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെത്തും. ഹുബ്ബള്ളിയിൽ രാവിലെ പത്തരയോടെ എത്തുന്ന രാഹുൽ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അതിനിടെ കടുത്ത പനിയെ തുടർന്ന് ജെ.ഡി.എസ് നേതാവ് മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നത്തെ പ്രചാരണ പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കും. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

ഇന്നലെയാണ് രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും. 2004 മുതൽ താമസിക്കുന്ന വീടാണ് രാഹുല്‍ ഒഴിഞ്ഞത്. 2004ല്‍ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്. സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലാണ്, 19 വര്‍ഷമായി താമസിച്ച വീട്ടില്‍ നിന്ന് രാഹുല്‍ ഇറങ്ങിയത്. ഈ വസതി തനിക്ക് നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയെന്ന് രാഹുല്‍ പറഞ്ഞു. സത്യം പറഞ്ഞതിന് നല്‍കേണ്ടിവന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.

വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്‍റിലെത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. മോദി പരാമര്‍ശത്തില്‍ മാർച്ച് 23നാണ് സൂറത്ത് സി.ജെ.എം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ ഉത്തരവ് മാർച്ച് 24ന് വന്നു.

അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ സമീപിച്ചു. സുശീല്‍ കുമാര്‍ മോദി പറ്റ്ന കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി പറ്റ്ന ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് റദ്ദാക്കണമെന്നാണ് ആവശ്യം. മോദി പരാമർശത്തിൽ സൂറത്ത് സി.ജെ.എം കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.

TAGS :

Next Story