രാഹുൽ അതിമോഹമുള്ള ഒരമ്മയുടെ ഇര: കങ്കണ റണാവട്ട്
"രാഹുലിന് നല്ലൊരു നടൻ ആകാൻ കഴിയുമായിരുന്നു"
ന്യൂഡൽഹി: അമ്മ സോണിയാ ഗാന്ധിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രാഹുൽ ഗാന്ധി രാഷ്ടീയത്തിൽ ഇറങ്ങിയതെന്നും രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ലെന്നും നടി കങ്കണ റണാവട്ട്. അതിമോഹമുള്ള അമ്മയുടെ ഇരയാണ് രാഹുൽ എന്നാണ് ഹിമാചലിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കങ്കണ പറഞ്ഞത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'അതിമോഹമുള്ള ഒരമ്മയുടെ ഇരയാണ് രാഹുൽ ഗാന്ധി. ജീവിതത്തിൽ അദ്ദേഹം ഒരു വിജയവും കൈവരിച്ചിട്ടില്ല. ത്രീ ഇഡിയറ്റ് എന്ന സിനിമയിൽ നാം കണ്ടതു പോലെ മക്കൾ കുടുംബത്തിന്റെ ഇരകളാണ്. ഇതേ സാഹചര്യമാണ് രാഹുൽ ഗാന്ധിക്കുള്ളത്. അമ്പത് വയസ്സു കഴിഞ്ഞിട്ടും യുവനേതാവ് എന്ന രീതിയിലാണ് രാഹുലിനെ രാഷ്ട്രീയത്തിൽ ലോഞ്ച് ചെയ്തത്. ഒറ്റപ്പെട്ട, വലിയ സമ്മർദം അനുഭവിക്കുന്ന ഒരാളായാണ് എനിക്ക് രാഹുലിനെ തോന്നിയത്.' - കങ്കണ പറഞ്ഞു.
രാഷ്ട്രീയം രാഹുലിന് പറ്റിയ തൊഴിലല്ലെന്നും നടി പറയുന്നു. 'രാഷ്ട്രീയം വിട്ട് രാഹുൽ മറ്റെന്തെങ്കിലും ചെയ്യണം. അദ്ദേഹത്തിന് നല്ലൊരു നടൻ ആകാൻ കഴിയുമായിരുന്നു. രാഹുലിന്റെ അമ്മ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ വനിതകളിൽ ഒരാളാണ്. പണത്തിന് കുറവില്ല. ഒരു പെൺകുട്ടിയുമായി രാഹുലിന് പ്രണയമുണ്ടായിരുന്നു എന്ന് കേട്ടിരുന്നു. എന്നാൽ അദ്ദേഹം വിവാഹം കഴിച്ചില്ല. ഇങ്ങനത്തെ കുട്ടികളെ ഞാൻ സിനിമയിലും കണ്ടിട്ടുണ്ട്. അവരുടെ അച്ഛനമ്മമാർ പിന്നാലെ നടന്ന് ചെയ്യൂ, ചെയ്യൂ എന്ന് പറഞ്ഞ് അവരുടെ ജീവിതം ഇല്ലാതാക്കും. ആ കുട്ടികൾ വല്ലാതെ യാതന അനുഭവിക്കും. ഇവിടെയും ഇതാണ് സ്ഥിതി'- അവർ കൂട്ടിച്ചേർത്തു.
ബിജെപിയുമായുള്ള തന്റെ അടുപ്പം സ്വാഭാവികമായി സംഭവിച്ചതാണ് എന്നും കങ്കണ പറഞ്ഞു. ഇരുപത് വർഷമായി സിനിമാ വ്യവസായത്തിലുള്ള ആളാണ് താൻ. നല്ല ജീവിതം നയിക്കുന്നു. ഒരു രാഷ്ട്രീയക്കാരിയായി താനെന്നെ കാണുന്നില്ല. ജനങ്ങളെ സേവിക്കാനുള്ള ഒരു ബിജെപി സ്ഥാനാർത്ഥി മാത്രമാണ് താൻ- കങ്കണ വ്യക്തമാക്കി.
Adjust Story Font
16