'നിശാക്ലബിലല്ല; സുഹൃത്തിന്റെ വിവാഹചടങ്ങിൽ'- രാഹുൽ ഗാന്ധിയുടെ വിഡിയോ പുറത്തുവിട്ട് കോൺഗ്രസ്
ദിവസങ്ങൾക്കുമുൻപാണ് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ നിശാക്ലബിൽ രാഹുൽ ഗാന്ധി അടിച്ചുപൊളിക്കുന്നെന്നു പറഞ്ഞ് ബി.ജെ.പി അക്കൗണ്ടുകൾ വ്യാപകമായി വിഡിയോ പ്രചരിപ്പിച്ചത്
ന്യൂഡൽഹി: പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നേപ്പാളിൽ നിശാക്ലബിൽ അടിച്ചുപൊളിക്കുകയാണ് രാഹുൽ ഗാന്ധിയെന്ന ബി.ജെ.പി പ്രചാരണങ്ങൾക്കു പിന്നാലെ പരിപാടിയുടെ വിഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതാവ്. നേപ്പാളിൽ മാധ്യമപ്രവർത്തകയായ സുഹൃത്തിന്റെ വിവാഹചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നതിന്റെ വിഡിയോ ആണ് തമിഴ്‌നാട്ടിൽനിന്നുള്ള പാർലമെന്റ് അംഗം കൂടിയായ മാണിക്കം ടാഗോർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
''സംഘികളുടെ വിനീതമായ ശ്രദ്ധയിലേക്കായി. കള്ളം അധികം നീണ്ടുനിൽക്കില്ല. സത്യം ജയിക്കും.'' എന്ന അടിക്കുറിപ്പോടെയാണ് മാണിക്കം വിഡിയോ പങ്കുവച്ചത്. വിഡിയോയിൽ വിവാഹവസ്ത്രം ധരിച്ച് രാഹുൽ ഗാന്ധി വിദേശികളടങ്ങുന്ന അതിഥികൾക്കൊപ്പം ഇരിക്കുന്ന ദൃശ്യങ്ങൾ കാണാം. വിവാഹത്തിന്റെ ഭാഗമായ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽ എല്ലാവർക്കുമൊപ്പം കൈയടിച്ച് പങ്കുചേരുന്നുമുണ്ട് അദ്ദേഹം.
ദിവസങ്ങൾക്കുമുൻപാണ് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ നിശാക്ലബിൽനിന്നെന്നു പറഞ്ഞ് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇത് ഏറ്റുപിടിച്ച് വലിയ തോതിലുള്ള പ്രചാരണമാണ് ബി.ജെ.പി, സംഘ്പരിവാർ നേതാക്കളും പ്രവർത്തകരും നടത്തിയത്. പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ രാഹുൽ നേപ്പാളിൽ നിശാക്ലബിൽ അടിച്ചുപൊളിക്കുകയാണ് രാഹുലെന്നായിരുന്നു പ്രധാന വാദം.
വിഡിയോ വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. നിശാക്ലബിൽനിന്നുള്ള വിഡിയോ അല്ല അതെന്നും ഒരു ഹോട്ടലിലെ വിവാഹചടങ്ങിൽ നിന്നുള്ളതാണെന്നുമായിരുന്നു വിശദീകരണം. മ്യാന്മറിലടക്കം നേപ്പാൾ അംബാസഡറായിരുന്ന ഭീം ഉദാസിന്റെ മകളും സുഹൃത്തുമായ മാധ്യമപ്രവർത്തക സുംനിമ ഉദാസിന്റെ വിവാഹ ചടങ്ങിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അടക്കമുള്ളവർ വ്യക്തമാക്കി. ഈ വിശദീകരണം ഉറപ്പിക്കുന്നതാണ് മാണിക്കം ടാഗോർ പുറത്തുവിട്ട വിഡിയോ.
Summary: Congress leader Manickam Tagore has posted a video of Congress leader Rahul Gandhi taking part in a wedding ritual amid a row over his Nepal visit
Adjust Story Font
16