Quantcast

'വയനാട്ടിലും തോൽക്കും, ഹൈദരാബാദിൽ മത്സരിക്കൂ'; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി

തെലങ്കാനയിൽ ടി.ആർ.എസിനെ തോൽപിച്ച് കോൺഗ്രസ് അധികാരം പിടിക്കുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-07 16:23:09.0

Published:

7 May 2022 2:05 PM GMT

വയനാട്ടിലും തോൽക്കും, ഹൈദരാബാദിൽ മത്സരിക്കൂ; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി
X

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലും തോൽക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. തെലങ്കാനയിൽ രാഹുൽ ഭരണകക്ഷികളായ ടി.ആർ.എസിനും എ.ഐ.എം.ഐ.എമ്മിനും എതിരെ നടത്തിയ വിമർശനങ്ങൾക്കു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.

രാഹുൽ ഗാന്ധി ഇനി വയനാട്ടും തോൽക്കുമെന്ന് പറഞ്ഞ ഉവൈസി കോൺഗ്രസ് നേതാവിനെ ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ചു. ''ഹൈദരാബാദിൽ വരൂ. ഇവിടെനിന്ന് മത്സരിക്കൂ. ഭാഗ്യപരീക്ഷണം നടത്തിനോക്കൂ. മേഡക്കിൽനിന്നും താങ്കൾക്കു മത്സരിക്കാം.''-ഉവൈസി വെല്ലുവിളിച്ചു.

അടുത്ത വർഷം നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസും ടി.ആർ.എസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കുമെന്ന് ഇന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ദ്വിദിന പര്യടനം നടത്തുന്ന രാഹുൽ വാറങ്കലിൽ പൊതുറാലിയിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ ടി.ആർ.എസിനെ തോൽപിച്ച് കോൺഗ്രസ് അധികാരം പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.

തെലങ്കാനയുടെ സ്വപ്‌നങ്ങൾ നശിപ്പിക്കുകയും യുവാക്കളിൽനിന്നും ദരിദ്രരിൽനിന്നും കോടികൾ തട്ടുകയും ചെയ്തവർക്ക് ജനം മാപ്പുനൽകില്ല. സംസ്ഥാനത്തെ കർഷകരുടെ വിധവകൾ കരയുകയാണ്. ആയിരക്കണക്കിനുപേരുടെ ഭർത്താക്കന്മാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരവാദികൾ ആരാണ്?- രാഹുൽ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം സന്ദർശനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയത്. നേരത്തെ, ഉസ്മാനിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധിയുടെ സംവാദം നിശ്ചയിച്ചിരുന്നു. എന്നാൽ, ഇത് സർവകലാശാലാ അധികൃതർ അനുമതി നൽകിയിരുന്നില്ല. ഇതേതുടർന്ന് സമരം നടത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രാഹുൽ ഇന്ന് ചഞ്ചൽഗുഡ സെൻട്രൽ ജയിലിലെത്തി സന്ദർശിച്ചു.

Summary: Rahul Gandhi will lose Waynad too, says AIMIM chief Asaduddin Owaisi on Congress leader's challenge

TAGS :

Next Story