'പത്ത് ദിവസത്തിനകം മറുപടി നൽകും, അദാനി വിഷയവുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നു'; രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു
ഡൽഹി: ഡൽഹി പോലീസ് നൽകിയ നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി. പൊലീസ് നടപടിക്ക് അദാനി വിഷയവുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നു. ഭരണകക്ഷികളോട് സമാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു.
ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു. പീഡനത്തിനിരയായ സ്ത്രീകൾ യാത്രയ്ക്കിടെ തന്നെ വന്നുകണ്ടതായാണ് പ്രസംഗത്തിനിടെ രാഹുൽ പറഞ്ഞത്. ഇത് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിശദമായ മറുപടി സമർപ്പിക്കാമെന്ന് രാഹുൽ അറിയിച്ചതായി പോലീസും പറഞ്ഞു . പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി .
ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. പീഡനത്തിന് ഇരയായെന്ന് രാഹുൽ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് ഡൽഹി പോലീസ് തേടുന്നത്.
മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പോലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. ഉന്നത ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ എത്തിയാണ് രാഹുലിന് ആദ്യ നോട്ടീസ് നൽകിയത്. ഇന്ന് വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ്. പോലീസ് നടപടിക്ക് അദാനി വിഷയവുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നതായി പ്രതികരിച്ച രാഹുൽ ഭരണ കക്ഷി നേതാക്കളോട് സമാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. പോലീസ് നടപടിക്ക് എതിരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി.
അദാനി ഓഹരി വിവാദത്തിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാരും ബിജെപിയും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അദാനി വിഷയം രാഹുൽ ഗാന്ധി ഉന്നയിക്കുകയല്ല രാജ്യത്തെ അപകീർത്തിപ്പെടുത്തിയ പരാമർശങ്ങളിൽ സഭയിൽ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.
പീഡനത്തിന് ഇരയായവരുടെ പേരുകൾ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയില്ല എങ്കിൽ അവർക്ക് എങ്ങനെ നീതി ലഭിക്കുമെന്നും ആസാം മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ താൻ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി പാർലമെൻ്ററി സമിതി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16