പ്രിയങ്കയ്ക്ക് പിന്നാലെ രാഹുലും ലഖിംപൂർ ഖേരിയിലേക്ക്
രാഹുലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് പ്രദേശത്തെത്തുക
ന്യൂഡൽഹി: കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയും ലഖിംപൂർ ഖേരിയിലേക്ക്. രാഹുലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് നാളെ ജില്ലയിലേക്ക് തിരിക്കുക. സന്ദര്‍ശനം സംബന്ധിച്ച് കോൺഗ്രസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തുനൽകി.
കർഷകരുടെ ബന്ധുക്കളെ കാണാൻ അനുമതി നൽകാതെ തടങ്കലിലാണ് പ്രിയങ്ക. 38 മണിക്കൂറായി തന്നെ കാരണം കൂടാതെ തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയില്ലെന്നും അഭിഭാഷകനെ കാണാൻ അനുമതി നൽകിയില്ലെന്നും അവർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീതാപൂരിൽ സമരം ചെയ്യുന്ന പ്രവർത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
ലംഖിംപൂരിൽ കേന്ദ്രമന്ത്രിയുടെ കാർ കയറ്റി കൊലപ്പെടുത്തിയ കർഷകരെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനഭംഗം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
കർഷകരെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്ക നിരാഹാര സമരത്തിലാണ്. നിരാഹാരം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം ആവശ്യപ്പെട്ടെങ്കിലും കർഷകരെ കാണാൻ അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.
Adjust Story Font
16