ജോഡോ യാത്ര, കർണാടക വിജയം; രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഉയർന്നെന്ന് എൻ.ഡി.ടി.വി സർവേ
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയുടെ പ്രധാന എതിരാളിയായി സർവേയിൽ പങ്കെടുത്തവർ കാണുന്നത് രാഹുൽ ഗാന്ധിയെ ആണ്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ജനപ്രീതി വൻ തോതിൽ ഉയർന്നുവെന്ന് എൻ.ഡി.ടി.വി-ലോക്‌നീതി സെന്റർ സർവേ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇപ്പോഴും ഏറ്റവും ജനപ്രീതിയുടെ ഇന്ത്യൻ നേതാവെന്ന് റിപ്പോർട്ട് പറയുന്നു. കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മെയ് 10 മുതൽ 19 വരെ 19 സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്.
കർണാടക തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും മോദിക്ക് ജനപ്രീതി നിലനിർത്താനായത് ബി.ജെ.പിക്ക് വലിയ നേട്ടമാണെന്ന് സർവേ പറയുന്നു. സർവേയിൽ പങ്കെടുത്ത 43% പേരും മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ തന്നെ മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് അഭിപ്രായപ്പെട്ടു. 38% പേർ വിയോജിച്ചു. 40% പേർ ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു. 29% പേരാണ് കോൺഗ്രസിനെ പിന്തുണക്കുമെന്ന് പറഞ്ഞത്.
ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും വോട്ട് വിഹിതത്തിൽ 2019-നെ അപേക്ഷിച്ച് വർധനയുണ്ടാവുമെന്ന് സർവേ പറയുന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതം 2019-ൽ 37% ആയിരുന്നത് 2023-ൽ 39% ആയി ഉയർന്നു. കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ 10% വർധനയുണ്ട്. 19% ആയിരുന്നത് 29% ആയി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സർവേയിൽ പങ്കെടുത്ത 43% പേരും മോദിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത്. 27% പേർ രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നു. മറ്റു നേതാക്കൾ ഇവരെക്കാൾ ബഹുദൂരം പിന്നിലാണ്. മമതാ ബാനർജിയേയും അരവിന്ദ് കെജ്‌രിവാളിനേയും നാല് ശതമാനം പേരും അഖിലേഷ് യാദവിനെ മൂന്ന് ശതമാനം ആളുകളും നിതീഷ് കുമാറിനെ ഒരു ശതമാനം ആളുകളുമാണ് പിന്തുണച്ചത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയുടെ പ്രധാന എതിരാളിയായി സർവേയിൽ പങ്കെടുത്തവർ കണക്കാക്കുന്നത് രാഹുൽ ഗാന്ധിയേയാണ്. 34% പേർ രാഹുൽ ഗാന്ധിയെ പിന്തുണച്ചു. 11% പേർ അരവിന്ദ് കെജ് രിവാളിനെയും അഞ്ച് ശതമാനം പേർ അഖിലേഷ് യാദവിനെയും നാല് ശതമാനം ആളുകൾ മമതാ ബനർജിയെയും പിന്തുണച്ചു. ഒമ്പത് ശതമാനം പേർ മോദിക്ക് എതിരാളികളില്ലെന്ന് അഭിപ്രായപ്പെട്ടു.
26% ആളുകൾ എല്ലായിപ്പോഴും രാഹുൽ ഗാന്ധിയെ ഇഷ്ടപ്പെട്ടിരുന്നതായി അഭിപ്രായപ്പെട്ടു. 15% പേർ ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്ന് പറഞ്ഞു. 16% പേർ രാഹുലിനെ ഇഷ്ടമല്ലെന്ന് അഭിപ്രായപ്പെട്ടു. 27% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
Adjust Story Font
16