Quantcast

'കേരളം മിനി പാകിസ്താൻ, രാഹുലും പ്രിയങ്കയും എംപിമാരായത് ഭീകരവാദികളെ ഒപ്പംകൂട്ടി': അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രി

മിനി പാകിസ്താനായതുകൊണ്ടാണ് രാഹുലും പ്രിയങ്കയും വിജയിച്ചത്. എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്യുമെന്നും മന്ത്രി നിതേഷ് റാണെ

MediaOne Logo

Web Desk

  • Updated:

    2024-12-30 08:26:49.0

Published:

30 Dec 2024 8:12 AM GMT

കേരളം മിനി പാകിസ്താൻ, രാഹുലും പ്രിയങ്കയും എംപിമാരായത് ഭീകരവാദികളെ ഒപ്പംകൂട്ടി: അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രി
X

മുംബൈ: കേരളത്തിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി. കേരളം മിനി പാകിസ്താനാണെന്നായിരുന്നു മന്ത്രി നിതേഷ് റാണെ പറഞ്ഞത്.

' മിനി പാകിസ്താനായതുകൊണ്ടാണ് രാഹുലും പ്രിയങ്കയും വിജയിച്ചത്. എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്യും. ഭീകരവാദികളെ ഒപ്പം കൂട്ടിയതിനുശേഷമാണ് ഇവർ എംപിമാരായത്'- റാണെ പറഞ്ഞു.

പൂനെ ജില്ലയിലെ പുരന്ദർ താലൂക്കിൽ ശിവപ്രതാപ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി നിതേഷ് റാണെ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ് റാണെയുടെ മകൻ കൂടിയാണ് നിതേഷ് റാണെ. മഹാരാഷ്ട്ര തുറമുഖ വകുപ്പാണ് മന്ത്രി നിതേഷ് റാണെ കൈകാര്യം ചെയ്യുന്നത്.

അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

' കേരളം മിനി പാകിസ്താനാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുമോ ഇല്ലയോ എന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ വ്യക്തമാക്കണം. ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രസ്താവനകൾ ബിജെപി നേതാക്കൾ ആവർത്തിച്ച് നടത്തുകയാണ്''- കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. നിതീഷ് റാണെയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇടപെടണമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം ആവശ്യപ്പെട്ടു.

അതേസമയം നിരന്തരം വിദ്വേഷ, പ്രകോപന പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയിൽ പ​ങ്കെടുക്കു​ന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് കേരളത്തെ അടച്ചാക്ഷേപിച്ചത്.

മുമ്പും വിദ്വേഷ പ്രസ്താവനകൾ നടത്തിയയാളാണ് നിതേഷ് റാണെ. ഈ വർഷം നവംബർ രണ്ടിന് മുസ്‍ലിംകളോടുള്ള നിലപാടിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘രാജ്യത്തെ 90% ജനങ്ങളും ഹിന്ദുക്കളാണ്, ഹിന്ദുക്കളുടെ താൽപ്പര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് കുറ്റകരമല്ല. ഹിന്ദു ആഘോഷവേളയിൽ ബംഗ്ലാദേശികൾ കല്ലേറ് നടത്തുകയാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്നതിന് കേസെടുത്താൽ അത് നേരിടാൻ ഞാൻ തയ്യാറാണ്’ -എന്നായിരുന്നു മറുപടി.

Watch Video

TAGS :

Next Story