രാഹുലിന്റേത് രാജ്യത്തിന്റെയാകെ വിജയം: മല്ലികാർജുൻ ഖാർഗെ
"ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ് രാഹുലിനനുകൂലമായ സുപ്രിംകോടതി വിധി. ജനങ്ങളുടെ മുഴുവൻ പ്രാർഥനയും അനുഗ്രഹവും രാഹുലിനൊപ്പമുണ്ട്"
ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് ദേശീയ കോൺഗ്രസ് നേതൃത്വം. രാഹുലിന്റേത് രാജ്യത്തിന്റെയാകെ വിജയമാണെന്നും ജനാധിപത്യം വിജയിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
"ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ് രാഹുലിനനുകൂലമായ സുപ്രിംകോടതി വിധി. ജനങ്ങളുടെ മുഴുവൻ പ്രാർഥനയും അനുഗ്രഹവും രാഹുലിനൊപ്പമുണ്ട്". ഖാർഗെ പറഞ്ഞു.
ജനങ്ങൾ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കിൽ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമാണ് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിലും കുറിച്ചിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖർ സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സൂര്യനെയും സത്യത്തെയും ഏറെനാൾ മൂടാനാവില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. നീതിപീഠം ജനങ്ങൾക്കൊപ്പമുണ്ടെന്നാണ് ഉറപ്പാണ് വിധി നൽകുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
സുപ്രിംകോടതി വിധിയിലൂടെ രാഹുൽ അജയ്യനും ശക്തനുമായി മാറിയെന്നും കേന്ദ്രസർക്കാരിന് ഇനി അദ്ദേഹത്തെ തോല്പ്പിക്കാനാവില്ലെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രതികരണം. ഇന്ത്യയിലെ ജനാധിപത്യം മിത്തല്ലെന്ന് തെളിയിക്കാൻ വിധി അനുകൂലമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം.എൽ.എയും പ്രതികരിച്ചു.
അഞ്ചു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രിംകോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂല വിധിയെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു രാഹുലിനെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്തു കൊണ്ട് സുപ്രിംകോടതിയുടെ വിധി.ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇരു ഭാഗത്തിൻറെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ്‌വി കോടതിയിൽ പറഞ്ഞു. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി.
Adjust Story Font
16