'മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര നീക്കം'; ആദായനികുതി റെയ്ഡില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍
ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിന്‍റെ ഓഫീസുകളിലും യു.പിയിലെ ഭാരത് സമാചാർ എന്ന ചാനലിലുമാണ് റെയ്ഡ് നടന്നത്.
രാജ്യത്തെ മാധ്യമസ്ഥാപനങ്ങളില്‍ നടന്ന ആദായനികുതി റെയ്ഡിനെ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിന്‍റെ ഓഫീസുകളിലും യു.പിയിലെ ഭാരത് സമാചാർ എന്ന ചാനലിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് നേതാക്കളുടെ വിമര്‍ശനം.
മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്‍റെ ഭാഗമാണ് റെയ്ഡെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആരോപണം. ബി.ജെ.പിയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇത്തരമൊരു ചിന്ത അപകടകരമാണ്. എല്ലാവരും റെയ്ഡിനെതിരെ ശബ്ദമുയർത്തണമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. അനാവശ്യ റെയ്ഡുകൾ നിർത്തി മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമ സ്ഥാപനങ്ങളെ ആക്രമിച്ച് കേന്ദ്രസർക്കാർ ജനാധിപത്യം തകർക്കുന്നു എന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമര്‍ശനം. കേന്ദ്രസർക്കാർ മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും സർക്കാരിന് സത്യം പറയുന്ന മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേലോട്ടും അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തിലെ പരാജയം ചൂണ്ടിക്കാണിച്ചതിനാലാണ് റെയ്ഡെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് ആരോപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഗോഡി മീഡിയയെപ്പോലെ ഇഴഞ്ഞില്ലെങ്കില്‍ അതിനുള്ള വില കൊടുക്കേണ്ടി വരുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര പരിഹസിച്ചത്.
ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. ഭാരത് സമാചാർ ഗ്രൂപ്പിന്റെ എഡിറ്റർ ഇൻ ചീഫിന്റെ വീട്ടിലും പ്രൊമോട്ടർമാരുടെ വീടുകളിലും റെയ്ഡ് നടന്നു. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന മാധ്യമസ്ഥാപനങ്ങളാണിവ. കോവിഡ് നിയന്ത്രണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ദൈനിക് ഭാസ്കര്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗംഗയില്‍ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു.
Adjust Story Font
16