ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം ട്രാക്കിലിറങ്ങും: റെയില്‍വേ മന്ത്രി
കൽക - ഷിംല പാതയിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം ഓടുകയെന്ന് മന്ത്രി
ഹൈഡ്രജന്‍ ട്രെയിന്‍
ഡല്‍ഹി: രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഈ വർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൽക - ഷിംല പാതയിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം ഓടുകയെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഡിസംബറിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ട്രാക്കിലിറങ്ങുക. ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ചതാണ് ഈ ട്രെയിനുകള്‍. കല്‍ക - ഷിംല പാതയില്‍ ആദ്യം ഓടുന്ന ട്രെയിന്‍ പിന്നീട് മറ്റ് പാതകളിലും ഓടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനിന്‍റെ സാങ്കേതികവിദ്യ ശൈശവാവസ്ഥയിലാണ്. ചുരുക്കം ചില രാജ്യങ്ങൾ പരിമിതമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഹരിത സംരംഭങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വന്ദേ മെട്രോ എന്നാണ് അറിയപ്പെടുക. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക - ഷിംല റയിൽവേ, മാതേരൻ ഹിൽ റെയിൽവേ, കാൻഗ്ര വാലി, ബിൽമോറ വഘായ്, മാർവാർ-ദേവ്ഗഢ് മദ്രിയ എന്നിവയുൾപ്പെടെ ചരിത്രപ്രധാനമായ നാരോ ഗേജ് റൂട്ടുകളിലാണ് ആദ്യം ഓടുക. യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം.
ഹൈഡ്രജൻ ഫ്യുവല്‍ സെല്ലുകൾ ഹൈഡ്രജനും ഓക്സിജനും പരിവർത്തനം ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അത് ട്രെയിനിന്റെ മോട്ടോറുകൾക്ക് പ്രവര്‍ത്തിക്കാന്‍ ഊര്‍ജം നല്‍കും. ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ പോലുള്ളവ പുറന്തള്ളി പരിസ്ഥിതിയെ മലിനീകരിക്കുന്നില്ല. പരമ്പരാഗത ഡീസൽ ട്രെയിനുകളേക്കാൾ പരിസ്ഥിതി സൗഹാര്‍ദപരമാണ്. കാറ്റ്, സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു നേട്ടം.
അതേസമയം ഹൈഡ്രജൻ ട്രെയിനുകളുടെ നിര്‍മാണ ചെലവാണ് ഒരു തടസ്സം. ഹൈഡ്രജൻ എഞ്ചിന്റെ പ്രവർത്തനച്ചെലവ് ഡീസൽ എഞ്ചിനേക്കാൾ 27 ശതമാനം കൂടുതലായിരിക്കും. ഈ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കുന്നതിന് മുമ്പ് സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചും പഠിക്കേണ്ടതുണ്ട്.
Summary- Railways Minister Ashwini Vaishnaw on Wednesday announced that India will have its first hydrogen train designed and manufactured locally by December 2023 on the Kalka-Shimla historic circuit
Adjust Story Font
16