Quantcast

'ഒരിക്കലും മുസ്‌ലിംകളുമായും മഹാരാഷ്ട്രക്കാരുമായും കച്ചവടം ചെയ്യില്ല, കൂടെ യാത്ര ചെയ്യില്ല'; വിദ്വേഷപരാമർശവുമായി റെയിൽവേ ഉദ്യോഗസ്ഥൻ

പരാമർശമടങ്ങിയ ഫോൺ സംഭാഷണം പുറത്താവുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ നടപടിയുമായി റെയിൽവേ രം​ഗത്തെത്തി.

MediaOne Logo

Web Desk

  • Updated:

    2024-09-23 13:32:24.0

Published:

23 Sep 2024 1:29 PM GMT

Railway TC suspended over hates remarks on minorities, Maharashtrians
X

മുംബൈ: മുസ്‌ലിംകൾക്കും മഹാരാഷ്ട്രക്കാർക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുമായി റെയിൽവേ ടിക്കറ്റ് കലക്ടർ. വെസ്റ്റേൺ റെയിൽവേയിലെ ഉദ്യോ​ഗസ്ഥനും ഉത്തർപ്രദേശ് സ്വദേശിയുമായ ആശിഷ് പാണ്ഡെയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഒരിക്കലും മുസ്‌ലിംകളുമായും മഹാരാഷ്ടക്കാരുമായും കച്ചവടം ചെയ്യില്ലെന്നും അവരോടിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യില്ലെന്നുമായിരുന്നു ഇയാളുടെ വാക്കുകൾ.

പരാമർശമടങ്ങിയ ഫോൺ സംഭാഷണം പുറത്താവുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ നടപടിയുമായി റെയിൽവേ അധികൃതർ രം​ഗത്തെത്തി. വിദ്വേഷ പരാമർശം നടത്തിയ ‌ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തതായി പശ്ചിമ റെയിൽവേ അറിയിച്ചു. യു.പി സ്വദേശിയായ ഇയാൾ മുംബൈയിലെ വിഖ്റോളിയിലെ ടാ​ഗോർ ന​ഗറിലാണ് താമസം.

സെപ്റ്റംബർ 22നാണ് ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വൈറലാവുകയും പ്രതിഷേധം ഉയരുകയുമായിരുന്നു. 'ഞാൻ മുസ്‌ലിംകളും മഹാരാഷ്ട്രക്കാരുമായും ബിസിനസ് ചെയ്യില്ല. മുസ്‌ലിംകളുടെയും മഹാരാഷ്ട്രക്കാരുടേയും ഓട്ടോകളിൽ ഞാൻ കയറാറില്ല. യുപി സ്വദേശികളുടെ ഓട്ടോകളിൽ മാത്രമാണ് യാത്ര ചെയ്യാറുള്ളത്'- ഒരു മറാത്തി വ്യാപാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇയാൾ പറയുന്നു.

പാണ്ഡെയുടെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ അയാളെ സസ്പെൻഡ് ചെയ്തതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പശ്ചിമ റെയിൽവേ എക്സിലൂടെ അറിയിച്ചു. 'ഞങ്ങൾ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു. ഒരു മതസമൂഹത്തെയും മഹാരാഷ്ട്രക്കാരെയും കുറിച്ച് മോശമായി അഭിപ്രായം പറഞ്ഞ ജീവനക്കാരനെ അന്വേഷണ വിധേയമായി ഉടൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ സമഗ്രമായ അന്വേഷണവും നടത്തും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും'- കുറിപ്പിൽ പറയുന്നു.




TAGS :

Next Story