കൊങ്കണ്‍ മേഖലയില്‍ പ്രളയം: ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി
കൊങ്കൺ വഴി പോകുന്ന നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി
കനത്ത മഴയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ പ്രളയം. കൊങ്കൺ വഴി പോകുന്ന നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. പല ട്രെയിനുകളുടെയും സമയം പുനക്രമീകരിച്ചു. ഇതോടെ ട്രെയിനുകളിൽ ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.
രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് പ്രളയത്തിന് കാരണം. മുംബൈയിൽ നിന്ന് 240 കിലോമീറ്റർ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണിൽ രക്ഷാപ്രവർത്തനം പുരോഗിക്കുകയാണ്. ഈ മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പ്രളയത്തെ തുടര്‍ന്ന് മുംബൈ-ഗോവ ഹൈവേ അടച്ചു. ചിപ്ലൂണിൽ മാർക്കറ്റ്, ബസ് സ്റ്റാന്‍റ്, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം കോസ്റ്റ്ഗാർഡ് സംഘത്തെ വിന്യസിച്ചു. എന്‍ഡിആര്‍എഫിന്‍റെ 9 സംഘത്തെയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ആളുകളെ അപകട മേഖലകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചു.
Adjust Story Font
16