Quantcast

രാഷ്ട്രീയ പാർട്ടികൾക്ക് പ്രവേശനമില്ല, എന്നാല്‍ വോട്ട് ചെയ്യാത്തവർക്ക് പിഴ; കേട്ടിട്ടുണ്ടോ...ഇങ്ങനെയൊരു ഗ്രാമത്തെ കുറിച്ച്

ഒരു മുപ്പതുകാരൻ കണ്ട സ്വപ്നമാണ് നാല് പതിറ്റാണ്ടുകൾ കൊണ്ട് രാജ്യത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന ഗ്രാമമാക്കി മാറ്റിയത്

MediaOne Logo

Web Desk

  • Published:

    1 Dec 2022 3:21 AM GMT

രാഷ്ട്രീയ പാർട്ടികൾക്ക് പ്രവേശനമില്ല, എന്നാല്‍ വോട്ട് ചെയ്യാത്തവർക്ക് പിഴ; കേട്ടിട്ടുണ്ടോ...ഇങ്ങനെയൊരു ഗ്രാമത്തെ കുറിച്ച്
X

രാജ്‌കോട്ട്: വോട്ട് ചെയ്യാത്തവർക്ക് പിഴ ഈടാക്കുന്ന, എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രവേശനമില്ലാത്ത ഒരു ഗ്രാമം ഇന്ത്യയിലുണ്ട്. തെരുവുകളിൽ മാലിന്യത്തിന്റെ ഒരു കണിക പോലും കാണാൻ കഴിയാത്ത ഈ ഗ്രാമം ഗുജറാത്തിലെ രാജ്‌കോട്ടിലാണ്. ഒരു മുപ്പതുകാരൻ കണ്ട സ്വപ്നമാണ് നാല് പതിറ്റാണ്ടുകൾ കൊണ്ട് രാജ്യത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന ഗ്രാമമാക്കി രാജ്‌സമാധ്യാലയയെ മാറ്റിയത്.

രാജ്‌സമാധ്യാലയിൽ താമസിക്കുന്നവരും അതിഥികളും പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. പുകവലിക്കും ലഹരി ഉപയോഗത്തിനും ഈ ഗ്രാമം ഒന്നടങ്കം പിഴശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ ഒരു മരം പോലും മുറിക്കാൻ ഇവിടെ പാടില്ല. 1983ൽ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ട ഹർദേവ് സിംഗ് ജഡേജ എന്ന മുപ്പതുകാരൻ കണ്ട സ്വപ്നമാണ് രാജ്‌സമാധ്യാലയ എന്ന ഈ ഗ്രാമത്തെ ആദർശ ഗ്രാമമാക്കി മാറ്റിയത്.

ഗ്രാമത്തിലെ ഓരോ വീടുകളിലേക്കും റോഡ് ഉണ്ട്. അവയെല്ലാം 20 വർഷത്തെ ഗ്യാരണ്ടിയിലാണ് നിർമിക്കുന്നത്. വീടുകളിൽ നിന്നും തെരുവിൽ നിന്നും ട്രാക്ടർ ഉപയോഗിച്ച് പഞ്ചായത്ത് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നു. അത് കൊണ്ട് തന്നെ ഇവിടുത്തെ ഒരു റോഡിലും മാലിന്യം ഉണ്ടാവില്ല. വെള്ളത്തിന് പോലും ക്ഷാമം ഉണ്ടാകാത്ത നിലയിൽ ഗ്രാമത്തെ പഞ്ചായത്ത് സംരക്ഷിക്കുന്നു. അഴിമതിയും ഇവിടെയില്ല.

തെരഞ്ഞെടുപ്പ് കാലം ആണെങ്കിലും ഒരു ബാനറോ ചുമരെഴുത്തോ കൊടിയോ ഈ ഗ്രാമത്തിൽ കാണാൻ കഴിയില്ല. 1983 മുതൽ ഈ ഗ്രാമം രാഷ്ട്രീയ പാർട്ടികൾക്ക് അയിത്തം കൽപ്പിച്ചിട്ടുണ്ട്. വോട്ട് ചോദിച്ച് ആരും വരില്ല. ഇതും ഈ ഗ്രാമത്തിന്റെ നിയമമാണ്. എങ്കിലും വോട്ട് ചെയ്യാതെ വിട്ട് നിന്നാൽ 51 രൂപ പിഴയും ഗ്രാമവാസികൾക്ക് പഞ്ചായത്ത് ചുമത്തും. അത് കൊണ്ട് തന്നെ 95%ന് മുകളിലാണ് എല്ലാകാലത്തും ഇവിടുത്തെ പോളിംഗ് ശതമാനം.

ഒരു രൂപയുടെ സർക്കാർ ഫണ്ടിന് പോലും രാജ്‌സമാധ്യാലയ എന്ന ഈ കർഷക ഗ്രാമം ആരുടെയും മുന്നിൽ കൈനീട്ടിയിട്ടില്ല. ഇവിടെ പ്രവർത്തിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും പഞ്ചായത്തിലേക്ക് അടയ്ക്കുന്ന നികുതി പണം ഉപയോഗിച്ചാണ് ഈ ഗ്രാമം സ്വയംപര്യാപ്തത നേടിയത്.

പഞ്ചായത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഇവിടെയുള്ള 350 കുടുംബങ്ങളിലെ 1747 പേരിൽ ആർക്ക് വേണമെങ്കിലും ഗ്രാമമുഖ്യനാകാം. ഗ്രാമത്തിൽ വാടകയ്ക്ക് താമസിക്കാൻ വരുന്നവരായാലും ഭൂമി വാങ്ങാൻ എത്തുന്നവർ ആയാലും പഞ്ചായത്തിന്റെ അനുമതി ഉണ്ടായിരിക്കണം. പഞ്ചായത്തിന്റെ എല്ലാ തീരുമാനങ്ങളും എടുക്കുന്ന ഗ്രാമ വികസന സമിതി ഇതിന് മുന്നോടിയായി ആഗതരെ കുറിച്ച് അന്വേഷിക്കും. ഒരു പൊലീസ് കേസ് പോലും ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്‌സമാധ്യാലയ എന്ന ഗ്രാമത്തെ 2005ൽ അന്നത്തെ രാഷ്ട്രപതിയായ അബ്ദുൽ കലാം ആസാദ് ആദരിച്ചിട്ടുണ്ട്.

TAGS :

Next Story