ഗെഹ്‌ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചു; പ്രശ്‌നം പരിഹരിക്കാൻ തിരക്കിട്ട നീക്കം
വസുന്ധര രാജെയുടെ കാലത്തെ അഴിമതി അന്വേഷിക്കാൻ സച്ചിൻ പൈലറ്റ് ഗെഹ്‌ലോട്ടിന് നൽകിയ സമയം ഈ മാസം 31-ന് അവസാനിക്കും.
ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും വിമത നേതാവ് സച്ചിൻ പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചു. രാവിലെ 11 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എസ്.എസ് രൺധാവയും ചർച്ചയിൽ പങ്കെടുക്കും.
വസുന്ധര രാജെയുടെ കാലത്തെ അഴിമതി അന്വേഷിക്കാൻ സച്ചിൻ പൈലറ്റ് ഗെഹ്‌ലോട്ടിന് നൽകിയ സമയം ഈ മാസം 31-ന് അവസാനിക്കും. നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് സച്ചിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ കോൺഗ്രസിന് വിജയപ്രതീക്ഷയുള്ള സംസ്ഥാനമാണ്. ആഭ്യന്തരപ്രശ്‌നങ്ങൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. ഒരുമിച്ച് നിന്നാൽ വീണ്ടും അധികാരത്തിലെത്താനാവുമെന്ന് ഗെഹ്‌ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കടുത്ത നടപടികൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദേശീയ നേതൃത്വം.
Adjust Story Font
16