കോണ്‍ഗ്രസില്‍ പ്രവേശിച്ച കൊറോണ വൈറസ്; വീണ്ടും സച്ചിന്‍ പൈലറ്റിനെതിരെ ആഞ്ഞടിച്ച് അശോക് ഗെഹ്‍ലോട്ട്
മഹാമാരിക്ക് ശേഷം ഒരു വലിയ കൊറോണ കോണ്‍ഗ്രസില്‍ പ്രവേശിച്ചുവെന്ന് ഗെഹ്‍ലോട്ട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്
സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‍ലോട്ടും
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതയുദ്ധം തുടങ്ങിയിട്ട് മാസങ്ങളായി. വാക്പോരുകളുമായി ഇരുവരും യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വീണ്ടും സച്ചിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗെഹ്‍ലോട്ട്. സച്ചിനെ കൊറോണ വൈറസിനോട് ഉപമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
മഹാമാരിക്ക് ശേഷം ഒരു വലിയ കൊറോണ കോണ്‍ഗ്രസില്‍ പ്രവേശിച്ചുവെന്ന് ഗെഹ്‍ലോട്ട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സച്ചിനെ ഉദ്ദേശിച്ചാണ് ഗെഹ്‍ലോട്ട് ഇങ്ങനെ പറഞ്ഞതെന്നാണ് സൂചന. ബുധനാഴ്ച എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായി ഗെഹ്‍ലോട്ട് നടത്തിയ പ്രീ-ബജറ്റ് കൂടിക്കാഴ്ചയുടെ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പേരെടുത്തു പറയാതെ ആയിരുന്നു ഗെഹ്‍ലോട്ടിന്‍റെ പരാമര്‍ശം. ''ഞാന്‍ മീറ്റിംഗ് ആരംഭിച്ചു...നേരത്തെ കൊറോണ വന്നു..ഒരു വലിയ കൊറോണ ഞങ്ങളുടെ പാര്‍ട്ടിയിലും പ്രവേശിച്ചു'' എന്നായിരുന്നു ഗെഹ്‍ലോട്ട് പറഞ്ഞത്.തന്‍റെ സർക്കാരിനെതിരായ പൈലറ്റിന്‍റെ ആവർത്തിച്ചുള്ള ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഗെഹ്‍ലോട്ടിന്‍റെ പരാമർശം വിലയിരുത്തപ്പെടുന്നത്.
കിസാൻ സമ്മേളനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന സച്ചിൻ പൈലറ്റ്, ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സംസ്ഥാനത്തെ ഒന്നിലധികം പരീക്ഷകൾ റദ്ദാക്കിയതും പാർട്ടി പ്രവർത്തകരെ മാറ്റിനിർത്തിയതും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗെഹ്‌ലോട്ട് സർക്കാരിനെ കടന്നാക്രമിച്ചിരുന്നു.രാജസ്ഥാനിലെ കോൺഗ്രസ് ഭരണം തനിക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. "അഞ്ചു വർഷമായി ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് മാസമാണ് ബാക്കിയുള്ളത്. എല്ലാവർക്കും അർഹമായ ബഹുമാനം നൽകിയാൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് വിജയിക്കാം'' സച്ചിന്‍ പറഞ്ഞു. 2018 ഡിസംബറിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതു മുതൽ ഗെഹ്ലോട്ടും പൈലറ്റും തമ്മിൽ അധികാര തർക്കത്തിലായിരുന്നു.നേരത്തെ സച്ചിനെ ഗെഹ്‍ലോട്ട് ചതിയനെന്ന് വിളിച്ചത് വിവാദമായിരുന്നു. 2020ല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി ഓഫീസിലെത്തി സച്ചിന്‍ പണം വാങ്ങിയെന്നുമായിരുന്നു ഗെഹ്‍ലോട്ടിന്‍റെ ആരോപണം.
राजस्थान में अलग ही खेल चल रहा है!
— Sachin (@Sachin54620442) January 19, 2023
पहले कोरोना आ गया फिर एक बड़ा कोरोना और आ गया हमारी पार्टी के अंदर.... - अशोक गहलोत (CM राजस्थान)
(यह बड़ा कोरोना कांग्रेस पार्टी में कौन ??) pic.twitter.com/Kkzl3ODNmH
Adjust Story Font
16