Quantcast

മുസ്‍ലിംകളെ ഒ.ബി.സിയിൽ ഉൾപ്പെ​ടുത്തിയത് പുനഃപരിശോധിക്കുമെന്ന് രാജസ്ഥാൻ ​മന്ത്രി

പ്രതിഷേധവുമായി പ്രതിപക്ഷം

MediaOne Logo

Web Desk

  • Published:

    25 May 2024 3:49 PM GMT

avinash gehlot
X

ജയ്പുർ: മുസ്‍ലിം വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കുമെന്ന് രാജസ്ഥാൻ മന്ത്രി. മുസ്‍ലിം സംവരണത്തെ ചൊല്ലി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിനിടെയാണ് രാജസ്ഥാൻ മന്ത്രിയുടെ പ്രസ്താവന വരുന്നത്.

പ്രീണന രാഷ്ട്രീയത്തിൻ്റെ ഭാഗമായി മുൻ കോൺഗ്രസ് സർക്കാരുകൾ 1997 മുതൽ 2013 വരെ മുസ്‍ലിംകൾക്ക് ഒ.ബി.സി സംവരണം നൽകിയിട്ടുണ്ടെന്നും അത് പുനഃപരിശോധിക്കുകയാണെന്നും രാജസ്ഥാനിലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി അവിനാഷ് ഗെലോട്ട് പറഞ്ഞു.

മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ജാതിക്കും വർഗത്തിനും സംവരണ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് ബാബാ സാഹിബ് അംബേദ്കർ ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. എന്നാൽ, 1997 മുതൽ 2013 വരെ കോൺഗ്രസ് മുസ്ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്നും ഗെലോട്ട് പറഞ്ഞു.

മുസ്‍ലിംകളിലെ 14 വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ പരാതികളുണ്ട്. വകുപ്പുതല പരിശോധന നടത്തിവരികയാണ്. വിഷയത്തിൽ ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പി മന്ത്രിയുടെ പ്രസ്താവനക്കെതിരെ ​പ്രതിപക്ഷം രംഗത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് ബി.ജെ.പി ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു.

കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ കണക്ക് നൽകാൻ ബി.ജെ.പിക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 10 വർഷത്തെ കണക്കാണ് ജനം ആവശ്യപ്പെടുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, മോശം ഭരണം എന്നിവയെക്കുറിച്ച് ജനം ഉത്തരം ആവശ്യപ്പെടുന്നുണ്ടെന്നും ഗോവിന്ദ് സിങ് പറഞ്ഞു.

TAGS :

Next Story