'ആ പൈസക്ക് ചെരുപ്പു പോലും കിട്ടില്ല, പിന്നെയല്ലേ...'; പെൺകുട്ടികളെ ലേലംചെയ്ത സംഭവത്തിൽ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു
സർക്കാർ നടപടിയെടുക്കുന്നതിന് പകരം വിവേകശൂന്യമായ പ്രസ്താവനകൾ നടത്തുകയാണെന്ന് ബിജെപി
ജയ്പൂർ: ഭിൽവാര ജില്ലയിൽ പെൺകുട്ടികളെ ലേലം ചെയ്ത വിഷയത്തിൽ രാജസ്ഥാൻ മന്ത്രി അശോക് ചന്ദ്ന പരമാര്‍ശം വിവാദമാകുന്നു. പെൺകുട്ടികളെ 10,000 രൂപയ്ക്ക് വിറ്റു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, 'നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്... ഇന്നത്തെ കാലത്ത് 10,000 രൂപയ്ക്ക് ചെരുപ്പ് പോലും കിട്ടാനില്ല... എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
സർക്കാർ നടപടിയെടുക്കുന്നതിന് പകരം വിവേകശൂന്യമായ പ്രസ്താവനകൾ നടത്തുകയാണെന്ന് ബിജെപി എംഎൽഎ വാസുദേവ് പറഞ്ഞു. 'സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നു, സ്ത്രീകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്നു. പെൺകുട്ടികളെ കടത്തുന്നു'.പക്ഷേ സർക്കാർ ഒരുനടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഈ സംഭവത്തിൽ മന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ലെന്ന് എൻ.ടി.ടി.വി റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് വായ്പ തിരിച്ചടക്കാനാവാതെ പെൺകുട്ടികളെ ലേലം ചെയ്തുവെന്ന ആരോപണങ്ങൾ ഉയർന്നത്. ലേലം ചെയ്ത ശേഷം ഈ പെൺകുട്ടികളെ യു.പി, മധ്യപ്രദേശ്, മുംബൈ, ഡൽഹി തുടങ്ങി വിദേശരാജ്യങ്ങളിലേക്കും അയയ്ക്കുന്നതും ശാരീരിക പീഡനത്തിനും മര്‍ദനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
സംഭവം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ രണ്ടംഗ സംഘത്തെ നിയോഗിച്ചിരുന്നു. മാധ്യമറിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് കടുത്ത അവകാശലംഘനമാണെന്നും ദേശീയമനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചിരുന്നു.
Adjust Story Font
16