Quantcast

പതിനാലുകാരിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തി കൊന്നു

ഭിൽവാര ജില്ലയിലെ നൃസിംഗ്പുര ഗ്രാമത്തിൽ നിന്നുള്ള പെണ്‍കുട്ടിയെയാണ് ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ചത്

MediaOne Logo

Web Desk

  • Published:

    4 Aug 2023 2:42 AM GMT

minor girl raped
X

പ്രതീകാത്മക ചിത്രം

ഭില്‍വാര: രാജസ്ഥാനില്‍ പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. ഭിൽവാര ജില്ലയിലെ നൃസിംഗ്പുര ഗ്രാമത്തിൽ നിന്നുള്ള പെണ്‍കുട്ടിയെയാണ് ഇഷ്ടികച്ചൂളയിലിട്ട് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് ബുധനാഴ്ച അറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. രാവിലെ വീട്ടിൽ നിന്ന് കന്നുകാലികളെ മേയ്ക്കാൻ പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. ഉച്ച കഴിഞ്ഞ് കന്നുകാലികള്‍ തിരിച്ചെത്തിയപ്പോള്‍ അവയ്ക്കൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ രാത്രി പത്തു മണിയോടെ ഇഷ്ടികച്ചൂളക്ക് സമീപം എന്തോ കത്തുന്നത് ശ്രദ്ധയില്‍ പെട്ട കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. അവിടെ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ''പെണ്‍കുട്ടിയുടെ കൊലുസും ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ചൂളയിൽ നിന്ന് കണ്ടെത്തിയ അസ്ഥികളുടെ സാമ്പിളുകളുടെ ഡിഎൻഎ പരിശോധനയും നടത്തുമെന്ന്'' ഭില്‍വാര പൊലീസ് സൂപ്രണ്ട് (എസ്പി) ആദർശ് സിന്ധു പറഞ്ഞു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് കോത്രി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഖിവ്രാജ് സിംഗ് പറഞ്ഞു.അതിനിടെ, രാജസ്ഥാൻ ഗുർജാർ മഹാസഭ പ്രസിഡന്‍റും ബി.ജെ.പി നേതാവുമായ കലുലാൽ ഗുർജാർ സ്ഥലത്തെത്തി സാമ്പിളുകളുടെ ഫോറൻസിക് പരിശോധനയ്ക്ക് മുമ്പ് ജില്ലാ കലക്ടറെയും എസ്പിയെയും വിളിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൗണ്ട് റിപ്പോർട്ട് നല്‍കുന്നതിനായി ബി.ജെ.പി പ്രസിഡന്‍റ് സി പി ജോഷി ബുധനാഴ്ച എം‌എൽ‌എ അനിതാ ഭാഡേൽ, ബിജെപിയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് രക്ഷാ ഭണ്ഡാരി, ജില്ലാ ഇൻ ചാർജ് അടർ സിംഗ് ബദാന എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് രൂപം നൽകി. “സംഭവം എല്ലാവരെയും ഞെട്ടിച്ചു. ഈ നാട്ടിൽ ഒരിടത്തും ഇത് സംഭവിച്ചിട്ടുണ്ടാകില്ല. ഇത്തരം സംഭവങ്ങൾ രാജസ്ഥാന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. മുഖ്യമന്ത്രി (അശോക് ഗെഹ്‌ലോട്ട്) ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ കഴിവില്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടതിനാൽ ഉടൻ രാജിവയ്ക്കണം. എന്തിനാണ് ഇങ്ങനെ കസേരയിൽ മുറുകെ പിടിച്ചിരിക്കുന്നത്?'' ജോഷി ചോദിച്ചു.

സംഭവത്തിൽ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) നേതാവ് ഹനുമാൻ ബേനിവാൾ ദുഃഖം രേഖപ്പെടുത്തുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ അനുവദിക്കുന്നതിന് അധികാരികളുമായി സംസാരിക്കുമെന്ന് രാജസ്ഥാൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ധീരജ് ഗുർജാർ പറഞ്ഞു.

TAGS :

Next Story