ഹോംവര്‍ക്ക് ചെയ്തില്ല; ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ അടിച്ചുകൊന്നു
കുട്ടി മരിച്ചതായി അഭിനയിക്കുകയാണെന്നായിരുന്നു സംഭവത്തിനു പിന്നാലെ അധ്യാപകന്‍ രക്ഷിതാവിനെ വിളിച്ചറിയിച്ചത്.
രാജസ്ഥാനില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു. ചുരു ജില്ലയിലെ സലാസറില്‍ സ്വകാര്യ സ്കൂളിലാണ് സംഭവം. ഹോംവർക്ക് ചെയ്തില്ലെന്ന പേരിലാണ് ഗണേഷെന്ന പതിമൂന്നുകാരനെ മനോജ് കുമാര്‍ എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് സഹപാഠികളുടെ മൊഴി. തുടർന്ന് അവശനായ വിദ്യാർഥി തളർന്നുവീഴുകയായിരുന്നെന്നും സഹപാഠികള്‍ വ്യക്തമാക്കുന്നു.
മര്‍ദനത്തിനു ശേഷം മനോജ് കുമാര്‍ തന്നെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും തളര്‍ന്നു വീണതായും പിതാവിനെ വിളിച്ചറിയിച്ചത്. കുട്ടി മരിച്ചതായി അഭിനയിക്കുന്നതാണെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, രക്ഷിതാക്കള്‍ സ്കൂളിലെത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അധ്യാപകന്‍റെ മര്‍ദനത്തിലാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ചാണ് പിതാവ് ഓം പ്രകാശ് പരാതി നല്‍കിയതെന്ന് സലാസര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്ദീപ് വൈഷ്‌ണോജ് പറഞ്ഞു. കൊലക്കുറ്റം ചുമത്തിയാണ് മനോജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോപണവിധേയനായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Adjust Story Font
16