Quantcast

മോദിക്ക് കാമ്പയിൻ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചെന്ന് പ്രതിപക്ഷം; 100 ശതമാനം നിഷ്പക്ഷമെന്ന് കമ്മീഷൻ

'ബ്രേക്കിംഗ് ന്യൂസ്: ഇപ്പോൾ എല്ലാ സർക്കാർ ഉദ്ഘാടനപരിപാടികളും കഴിഞ്ഞു, റിബണുകൾ മുറിച്ചുകഴിച്ചു, തറക്കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞു, വാഗ്ദാനങ്ങൾ നൽകിക്കഴിഞ്ഞു, ഒടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആരാണ് ഷെഡ്യൂൾ തീരുമാനിക്കുന്നതെന്ന് ഊഹിക്കുക' - മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    3 Nov 2022 9:52 AM GMT

മോദിക്ക് കാമ്പയിൻ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചെന്ന് പ്രതിപക്ഷം; 100 ശതമാനം നിഷ്പക്ഷമെന്ന് കമ്മീഷൻ
X

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത് നൂറു ശതമാനവും നിഷ്പക്ഷമായാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഡിസംബർ ഒന്നിനും അഞ്ചിനുമായി തെരഞ്ഞെടുപ്പ് തീരുമാനിച്ചതിൽ പക്ഷാപാതമോ മനഃപൂർവമായ വൈകിപ്പിക്കലോയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 'തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത പ്രൗഡമായ പാരമ്പര്യമാണ്, നൂറു ശതമാനം നിഷ്പക്ഷമാണ്' അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ മാസം ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പിനൊപ്പം ഗുജറാത്തിലേത് പ്രഖ്യാപിച്ചിരുന്നില്ല. ഇരുതെരഞ്ഞെടുപ്പുകളും വേറിട്ട തിയ്യതികളിൽ പ്രഖ്യാപിച്ചത് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തിലെ കാമ്പയിൻ പൂർത്തിയാക്കാനാണെന്ന് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയത്. ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്തിൽ ഫെബ്രുവരി 18നും ഹിമാചലിൽ ജനുവരി എട്ടിനുമാണ് അസംബ്ലിയുടെ കാലാവധി പൂർത്തിയാകുന്നത്. ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പുമായി ഗുജറാത്തിലേതിന് രണ്ടാഴ്ച വ്യത്യാസമുണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരേ ദിവസമാണ്.

'ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വയംഭരണ സ്ഥാപനമാണ്. അത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തുന്നു' എന്നാണ് കോൺഗ്രസ് കണ്ണും കാതും പൊത്തുന്ന ഇമോജി സഹിതം ട്വിറ്ററിൽ കുറിച്ചിരുന്നത്. എന്നാൽ 'പരാജയ ഭീതി' എന്നാണ് കോൺഗ്രസിന്റെ ട്വീറ്റ് പങ്കുവെച്ച് ഗുജറാത്ത് കോൺഗ്രസ് എഴുതിയത്.

മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും വൈകിയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തി. 'ബ്രേക്കിംഗ് ന്യൂസ്: ഇപ്പോൾ എല്ലാ സർക്കാർ ഉദ്ഘാടനപരിപാടികളും കഴിഞ്ഞു, റിബണുകൾ മുറിച്ചുകഴിച്ചു, തറക്കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞു, വാഗ്ദാനങ്ങൾ നൽകിക്കഴിഞ്ഞു, ഒടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആരാണ് ഷെഡ്യൂൾ തീരുമാനിക്കുന്നതെന്ന് ഊഹിക്കുക' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ചിലർ നെഗറ്റീവ് സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പ്രവൃത്തിയും ഫലവുമാണ് വാക്കുകളേക്കാൾ സംസാരിക്കുന്നത്. ചില സമയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുന്ന പാർട്ടികൾക്ക് ഞെട്ടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുണ്ടായിട്ടുണ്ട്. ഈ കേസിൽ മൂന്നാം അമ്പയറില്ല, പക്ഷേ ഫലങ്ങൾ അന്തിമവിധിയാണ്' രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 38 ദിവസമാണ് പെരുമാറ്റചട്ടമുണ്ടാകുകയെന്നും ഡൽഹിയിലുണ്ടായിരുന്നതിന് സമാനമാണിതെന്നും ഏറ്റവും ചുരുങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലേത് ഉൾപ്പെടുത്തതിന് പിറകിലെ കാരണും അദ്ദേഹം പറഞ്ഞു. 'ഗുജറാത്ത് അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 18 വരെയുള്ളതിനാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഏറെ സമയമുണ്ട്. വേട്ടെണ്ണൽ ദിവസവും ഗുജറാത്ത് അസംബ്ലിയുടെ കാലാവധി തീരുന്ന സമയവും തമ്മിൽ 72 ദിവസത്തെ ഇടവേളയുണ്ട്' അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ, അസംബ്ലിയുടെ കാലാവധി എന്നിങ്ങനെ നിരവധി ഘടകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി. ഗുജറാത്തിലെ പാലം തകർന്ന സംഭവത്തിലെ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചാൽ ഇടപെടുമെന്ന് കമ്മീഷൻ അറിയിച്ചു.

27 വർഷമായി തോൽവി അറിയാത്ത ബിജെപി; ഗുജറാത്തിൽ കോൺഗ്രസ് എന്തു ചെയ്യും?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന്, അഞ്ച് തിയ്യതികളാണ് സംസ്ഥാനത്തെ 4.9 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുക. നവംബർ 12ന് ബൂത്തിലെത്തുന്ന ഹിമാചൽ പ്രദേശിനൊപ്പം, ഡിസംബർ എട്ടിനാണ് ഗുജറാത്തിലെയും വോട്ടെണ്ണൽ.

തുടർച്ചയായി ബിജെപി അധികാരത്തിലുള്ള ഗുജറാത്തിൽ ഇത്തവണ മാറ്റം സംഭവിക്കുമോ? കോൺഗ്രസിന് പുറമേ, കളത്തിലെത്തിയ ആം ആദ്മി പാർട്ടി അത്ഭുതങ്ങൾ കാട്ടുമോ? കോൺഗ്രസ് വീണ്ടും ഉയിർത്തെഴുന്നേൽക്കുമോ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടാൻ ഇനി ആഴ്ചകളുടെ കാത്തിരിപ്പു മാത്രം.

കഴിഞ്ഞ 27 വർഷമായി ബിജെപിയാണ് സംസ്ഥാനത്തിന്റെ അധികാരം കൈയാളുന്നത്. 1995ന് ശേഷം അവർ തോൽവിയറിഞ്ഞിട്ടില്ല. 95ൽ 182ൽ 121 സീറ്റു നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. പിന്നീടുള്ള അഞ്ചു തെരഞ്ഞെടുപ്പിലും ബിജെപി നൂറിൽ കൂടുതൽ സീറ്റു നേടി. എന്നാൽ 2017ൽ കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ട ബിജെപി നൂറിൽ താഴെ സീറ്റിലൊതുങ്ങി. ആകെ കിട്ടിയത് 99 സീറ്റ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 77 സീറ്റു നേടി.

എന്നാൽ കഴിഞ്ഞ തവണ ആകെ പോൾ ചെയ്തതിൽ 49.05 ശതമാനം വോട്ടും നേടിയത് ബിജെപിയാണ്. കോൺഗ്രസിന് 41.44 ശതമാനം വോട്ടു കിട്ടി. 2001 ഒക്ടോബർ മുതൽ മുഖ്യമന്ത്രിക്കസേരയിൽ ഉണ്ടായിരുന്ന നരേന്ദ്രമോദി കേന്ദ്രത്തിലേക്ക് പോയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.

2017ൽ 2022ലെത്തുമ്പോളുള്ള ഏക മാറ്റം ആം ആദ്മി പാർട്ടിയുടെ വരവാണ്. എന്നാൽ മുൻ തെരഞ്ഞെടുപ്പിലെ വോട്ട് ഓഹരികൾ കണക്കിലെടുക്കുമ്പോൾ ആം ആദ്മി സംസ്ഥാനത്തുണ്ടാക്കുന്ന സ്വാധീനം കാത്തിരുന്നു കാണേണ്ടി വരും. 2017ൽ കോൺഗ്രസ്-ബിജെപി ഇതര കക്ഷികൾക്ക് ആരെ കിട്ടിയത് രണ്ടു ശതമാനത്തിൽ താഴെ വോട്ടാണ്. വിജയിച്ച മൂന്നു സ്വതന്ത്രർക്ക്‌ 4.30 ശതമാനം വോട്ടുകിട്ടി. ഒരു സീറ്റിൽ വിജയിച്ച എൻസിപിക്ക് കിട്ടിയത് 0.62 ശതമാനം വോട്ടാണ്. രണ്ടിടത്ത് വിജയിച്ച ബിടിപിക്ക് 0.74 ശതമാനം വോട്ടും.

2012ലും സമാനമായ സ്ഥിതിയായിരുന്നു. അന്ന് 115 സീറ്റു കിട്ടിയ ബിജെപിക്ക് 47.85 ശതമാനം വോട്ടു ലഭിച്ചു. 61 സീറ്റിൽ വിജയിച്ച കോൺഗ്രസിന് 38.93 ശതമാനം വോട്ടും. ബിജെപി സർക്കാറിനെതിരെ നടന്ന പട്ടേൽ വിരുദ്ധ പ്രക്ഷോഭമാണ് കഴിഞ്ഞ തവണ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നഷ്ടമാകാൻ ഇടയാക്കിയത് എന്ന് കരുതപ്പെടുന്നു.

2012ന് ശേഷം നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു സമ്പൂർണ മേധാവിത്വം. 2014ൽ സംസ്ഥാനത്ത് ആകെയുള്ള 26ൽ 26 സീറ്റും ബിജെപി സ്വന്തമാക്കി. ആകെ വോട്ട് ഓഹരി 60.1 ശതമാനം. ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും കോൺഗ്രസിന് 33.5 ശതമാനം വോട്ടുകിട്ടി. 2019ലും എല്ലാ സീറ്റിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. പോൾ ചെയ്ത വോട്ടിൽ 63.1 ശതമാനവും ബിജെപിക്കാണ് കിട്ടിയത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. ഹിമാചൽ പ്രദേശിലും അന്ന് തന്നെയാണ് വോട്ടെണ്ണൽ. 4.2 കോടി വോട്ടർമാരാണ് ഗുജറാത്തിൽ വിധിയെഴുതുന്നത്. പുരുഷ വോട്ടർമാർ 2.53 കോടിയും സ്ത്രീകൾ 2.37 കോടിയുമാണ്. 80 വയസിനു മുകളിലുള്ള വോട്ടർമാരുടെ എണ്ണം 9,87,999ഉം കന്നി വോട്ടർമാർ 4,61,494 ഉം ആണ്. ആകെ പോളിങ് ബൂത്തുകൾ 51,782ഉം, മോഡൽ സ്റ്റേഷനുകൾ 182ഉം വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ 1,274ഉം ആണ്.

ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നവംബർ അഞ്ചിനാണ്. നവംബർ 14 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 15ന് സൂക്ഷ പരിശോധന. നവംബർ 17നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നവംബർ 10നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം. 17നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

1995 മുതൽ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ ഇത്തവണ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. മോദി-അമിത് ഷാ സഖ്യത്തിന്റെ തട്ടകമായ ഗുജറാത്തിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. ഗോർബി തൂക്കുപാലം തകർന്ന് 135 പേർ മരിച്ചത് ബി.ജെ.പി സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കിയതും തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും.

Central Election Commissioner Rajeev Kumar said that the announcement of Gujarat election date was 100% impartial.

TAGS :

Next Story