ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിന്റെ പുതിയ ഗവർണർ
ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂർ ഗവർണറാകും
ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിന്റെ പുതിയ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ്. ആരിഫ് മുഹമ്മദ് ഖാൻ പകരം ബിഹാറിന്റെ ചുമതലയേൽക്കും.
ഗോവയിലെ ബിജെപി നേതാവായ ആർലേകർ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2021-2023 കാലയളവിൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.
ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂരിന്റെയും മുൻ സൈനിക മേധാവി ജനറൽ വി.കെ സിങ് മിസോറമിന്റെയും ഗവർണറാകും. ഒഡിഷ ഗവർണർ രഘുഭർ ദാസിന്റെ രാജിയും രാഷ്ട്രപതി അംഗീകരിച്ചു. പകരം മിസോറമിലെ ഗവർണർ ഹരി ബാബു കമ്പംപട്ടിയെ ഒഡിഷ ഗവർണറായി നിയമിച്ചു.
2019 സെപ്റ്റംബർ ഒന്നിനാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി ചുമതലയേൽക്കുന്നത്. നിരന്തരം സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്ന ഗവർണർ കൂടിയായിരുന്നു ഇദ്ദേഹം. നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും നേരിട്ട് ഏറ്റുമുട്ടിയിരുന്നു.
Adjust Story Font
16