അസമിലെ ദേശീയോദ്യാനം ഇനി ഒറാംഗ് നാഷണൽ പാർക്ക്; രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യും
രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി
ഖേല്‍ രത്നക്ക് പിന്നാലെ അസമിലെ ദേശീയോദ്യാനത്തില്‍ നിന്നും മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് വെട്ടുന്നു. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി.
പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമീപിച്ചിരുന്നതെന്നും ഇതിനെ തുടര്‍ന്നാണ് പാര്‍ക്കിന്‍റെ പേര് മാറ്റുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ആദിവാസി, ഗോത്ര സമൂഹത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്, രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായി സർക്കാർ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബ്രഹ്മപുത്രയുടെ വടക്കേ തീരത്താണ് ഒറാംഗ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കണ്ടാമൃഗം, ബംഗാൾ കടുവ, പിഗ്മി ഹോഗ്, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികൾ ഇവിടെയുണ്ട്. 79.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒറാംഗ് പാര്‍ക്കിനെ 1985ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുകയും 1999 ൽ ഒരു ദേശീയോദ്യാനമായി ഉയർത്തുകയും ചെയ്തു.
നേരത്തെ രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന്‍റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്നാക്കി മാറ്റിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടാണ് ഖേല്‍ രത്‌നയുടെ പേര് മാറ്റിയതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
Adjust Story Font
16