വാജ്‌പേയ് മന്ത്രിസഭയിലും ഞാൻ മന്ത്രിയായിരുന്നു, അന്ന് ഇന്ത്യയെ ലോകം ഗൗരവമായി കേട്ടിട്ടില്ല: രാജ്‌നാഥ് സിങ്
മോദി സർക്കാരാണ് പ്രതിരോധ മേഖലയിൽ ഇന്ത്യക്ക് സ്വയംപര്യാപ്തത കൊണ്ടുവന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
ന്യൂഡൽഹി: വാജ്‌പേയ് സർക്കാരിന്റെ കാലത്ത് രാജ്യാന്തര ഫോറത്തിൽ സംസാരിക്കുമ്പോൾ ഇന്ത്യയുടെ വാക്കുകൾ ലോകം ഗൗരവത്തിലെടുത്തതായി തോന്നിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് ഇന്ത്യ പറയുന്നത് ലോകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയുടെ സ്ഥാനം അത്രത്തോളം വളർന്നുകഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഇതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നു. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ ഏറ്റവും മഹത്തായതായി മാറുന്ന കാലം വിദൂരമല്ല. ഇന്ത്യയുടെ വീക്ഷണ കോണിൽനിന്നാണ് പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തിയത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രതിരോധ മേഖലക്കാണ് പ്രധാന പരിഗണന നൽകിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
മുൻ സർക്കാരുകൾ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത്. മോദി സർക്കാർ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൊണ്ടുവന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ സാങ്കേതിക കാര്യങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ ഹാനികരമായി ബാധിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Adjust Story Font
16