Quantcast

രാജ്‍പഥ് ഇനി ചരിത്രം; പുതിയ പേര് കർത്തവ്യപഥ്

നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന റേസ് കോഴ്‌സ് പാതയുടെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-06 03:53:00.0

Published:

6 Sep 2022 3:15 AM GMT

രാജ്‍പഥ് ഇനി ചരിത്രം; പുതിയ പേര് കർത്തവ്യപഥ്
X

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്‍പഥ് ഇനി പുതിയ പേരിൽ അറിയപ്പെടും. കർത്തവ്യപഥ് ആയിരിക്കും പാതയുടെ പുതിയ പേര്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയുടെ ചരിത്രപ്രധാനമായ പേര് മാറ്റാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. സെപ്റ്റംബർ എട്ടുമുതൽ പുതിയ പേരിലായിരിക്കും പാത അറിയപ്പെടുക.

ഡൽഹിയിലെ ഏറ്റവും ജനപ്രിയമായ പാതകളിലൊന്നാണ് രാജ്‍പഥ്. രാജ്യചരിത്രത്തിൽ തന്നെ നിർണായകമായ സംഭവങ്ങൾക്ക് സാക്ഷിയായ പാതയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്‌സ് വേ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്‍പഥ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എല്ലാ വർഷവും റിപബ്ലിക്ക്ദിന പരേഡ് ഇതുവഴിയാണ് കടന്നുപോകാറുള്ളത്.

കോളോനിയൽ സ്വാധീനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്നാണ് വിശദീകരണം. കഴിഞ്ഞ ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ കൊളോനിയൽ ബോധമുണർത്തുന്ന ചിഹ്നങ്ങളെല്ലാം രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനി കപ്പലിന്റെ സമർപ്പണ ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ പതാക മാറ്റിയിരുന്നു.

ഇന്ത്യയുടെ ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന സെൻട്രൽ വിസ്ത പദ്ധതി വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കാനിരിക്കുകയാണ്. അതിനിടെയാണ് രാജ്‍പഥിന്റെ പേരുമാറ്റവും. മോദി അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന റേസ് കോഴ്‌സ് പാതയുടെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കിയിരുന്നു. ഔറംഗസേബ് റോഡ് ഡോ. എ.പി.ജെ അബ്ദുൽ കലാം റോഡ് എന്നും തീർമൂർത്തി ചൗക്ക് തീർമൂർത്തി ഹൈഫ ചൗക്ക് എന്നും പുനർനാമകരം നടത്തിയിരുന്നു.

Summary: Rajpath all set to be renamed Kartavya Path

TAGS :

Next Story