Quantcast

ക്ഷത്രിയ സമുദായത്തെ അപമാനിച്ചു, നിര്‍മാതാക്കളെ വീട്ടില്‍ കയറി തല്ലും; പുഷ്പ 2വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ്

ഷെഖാവത്ത് എന്ന കഥാപാത്രത്തെ സിനിമയിൽ മോശമായി അവതരിപ്പിക്കുന്നത് ക്ഷത്രിയർക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    9 Dec 2024 7:02 AM GMT

Pushpa 2
X

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ 2'വിനെതിരെ ക്ഷത്രിയ കര്‍ണി സേനാ നേതാവ് രാജ്‍പുത് ഷെഖാവത്ത് രംഗത്ത്. ചിത്രത്തിൽ ഷെഖാവത്ത് എന്ന വാക്ക് വില്ലന്‍റെ കുടുംബപ്പേരായി ഉപയോഗിച്ചതിൽ രജപുത്ര നേതാക്കൾ രോഷാകുലരാണ്. ഇതിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചുവെന്നാണ് രാജ്‍പുതിന്‍റെ ആരോപണം. ഫഫദ് ഫാസിലാണ് പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്.

'ഷെഖാവത്ത്' എന്ന വാക്കിൻ്റെ ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ ക്ഷത്രിയ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച്, സിനിമയിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് രാജ്‍പുത് പുഷ്പയുടെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ഷെഖാവത്ത് എന്ന കഥാപാത്രത്തെ സിനിമയിൽ മോശമായി അവതരിപ്പിക്കുന്നത് ക്ഷത്രിയർക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർണി സേന അണിയറ പ്രവര്‍ത്തകരെ വീട്ടില്‍ കയറി തല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. "ചിത്രം ക്ഷത്രിയർക്ക് കടുത്ത അപമാനമാണ് വരുത്തിയിരിക്കുന്നത്. 'ഷെഖാവത്ത്' സമുദായത്തെ മോശമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പേരിൽ സിനിമാമേഖല ക്ഷത്രിയരെ അപമാനിക്കുകയാണ്, അവർ വീണ്ടും അതേ കാര്യം ചെയ്തു," അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞു.

അതേസമയം പുഷ്പ 2 തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മിക്ക തിയറ്ററുകളും ഹൗസ്ഫുള്ളാണ്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ആഗോളതലത്തിൽ 294 കോടി രൂപ നേടി. വൻ കലക്ഷനോടെ, ഷാരൂഖ് ഖാൻ്റെ ജവാൻ്റെ ഓപ്പണിങ് റെക്കോഡാണ് പുഷ്പ 2 തകർത്തത്.400-500 കോടി ബജറ്റിലാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നത്. BookMyShow-യിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുന്ന സിനിമ എന്ന റെക്കോഡും പുഷ്പക്കാണ്. ലോകമെമ്പാടുമായി 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

TAGS :

Next Story