Quantcast

'ഞാൻ സ്മൃതി ഇറാനി 2'; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി രാഖി സാവന്ത്

മോദിയാണ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കേണ്ടിയിരുന്നത്

MediaOne Logo

Web Desk

  • Published:

    25 Sep 2022 11:06 AM GMT

ഞാൻ സ്മൃതി ഇറാനി 2; അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി രാഖി സാവന്ത്
X

മുംബൈ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ 'രണ്ടാം ഭാഗമാണ്' താനെന്നും രാഷ്ട്രീയത്തിലിറങ്ങുമെന്നും ബോളിവുഡ് നടി രാഖി സാവന്ത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് രാഖി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. രാഖി സാവന്തിന് വരെ തന്‍റെ മണ്ഡലമായ മഥുരയില്‍നിന്ന് മത്സരിക്കാമെന്ന് ഹേമമാലിനി എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോടാണ് രാഖിയുടെ പ്രതികരണം.

'ഞാനിന്ന് ആഹ്ളാദവതിയാണ്. 2022ലെ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നു എന്നത് യഥാർത്ഥത്തിൽ രഹസ്യമായിരുന്നു. മോദിജിയും അമിത് ഷാജിയും ഇത് പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് എന്റെ സ്വപ്‌നസുന്ദരി ഹേമമാലിനി തന്നെ അതു പ്രഖ്യാപിച്ചിരിക്കുകയാണ്. ആര് പ്രഖ്യാപിക്കുന്നു എന്നതിൽ കാര്യമില്ല. മോദി ആയാലും ഹേമയായാലും സമമാണ്. ഞാൻ സ്മൃതി ഇറാനിയുടെ രണ്ടാം ഭാഗമാകും'- വീഡിയോയിൽ രാഖി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സന്നദ്ധമാണ് എന്നും തന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്ക് ഹേമമാലിനിക്ക് നന്ദിയെന്നും അവർ കൂട്ടിച്ചേർത്തു.



കഴിഞ്ഞ ദിവസം നടി കങ്കണ റണാവട്ടിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഹേമമാലിനി നൽകിയ മറുപടിയാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്. 'മഥുര ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ആരു മത്സരിക്കുമെന്ന് അറിയില്ല. മഥുരയ്ക്ക് സിനിമാ താരങ്ങളെ മാത്രം മതി. നാളെ രാഖി സാവന്ത് വരെ മത്സരിക്കാം'- എന്നായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് രാഖി സാവന്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

നിരവധി വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച അഭിനേത്രിയാണ് രാഖി സാവന്ത്. 2014ൽ ഇവർ രാഷ്ട്രീയ ആം പാർട്ടി എന്ന കക്ഷിക്ക് രൂപം നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ രാം ദാസ് അത്തേവാലയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ അംഗത്വമെടുത്തു. പാർട്ടി ടിക്കറ്റിൽ മുംബൈ നോർത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാഖിക്ക് 15 വോട്ടു മാത്രമാണ് ലഭിച്ചിരുന്നത്.

TAGS :

Next Story