Quantcast

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് കേ​​​ന്ദ്ര സർക്കാർ

ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-18 10:35:46.0

Published:

18 Jan 2024 10:34 AM GMT

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് കേ​​​ന്ദ്ര സർക്കാർ
X

ന്യൂഡൽഹി: അയോധ്യ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ഉച്ചക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി.

ജീവനക്കാരുടെ വികാരവും അവരിൽ നിന്നുള്ള അപേക്ഷകളും കണക്കിലെടുത്ത്, രാമക്ഷേത്രത്തോടനുബന്ധിച്ച് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളിലും കേന്ദ്ര സ്ഥാപനങ്ങളിലും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളിലും ജനുവരി 22 ന് ഉച്ചയ്ക്ക് 2:30 വരെ കേന്ദ്ര സർക്കാർ അർദ്ധദിന അവധി പ്രഖ്യാപിക്കുകയാ​ണെന്ന് ഉത്തരവിൽ പറയുന്നു.

അതെ സമയം അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസം അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചു. അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന മറ്റ് അനുബന്ധ പരിപാടികളിലും ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും പങ്കെടുക്കണം. അതിനാൽ അവധി നൽകണമെന്നുമാണ് ബാർ കൗൺസിൽ ചെയർമാനുമായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര നൽകിയ കത്തിൽ പറയുന്നത്.

ജനുവരി 22 ന് അടിയന്തര വാദം കേൾക്കേണ്ട കേസുകൾ പുനഃക്രമീകരിക്കുകയോ അടുത്ത ദിവസം പരിഗണിക്കുകയോ ചെയ്യാം. കത്ത് സഹാനുഭൂതിയോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതെ ദിവസം അയോധ്യാ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ഇല്ലെന്ന് കൂടുതൽ 'ഇൻഡ്യ' മുന്നണി നേതാക്കൾ വ്യക്തമാക്കി. ശരദ് പവാറും ലാലു പ്രസാദ് യാദവും പ്രതിഷ്ഠാ ചടങ്ങിനില്ലെന്ന് ക്ഷേത്ര ട്രസ്റ്റിന് മറുപടി നൽകി. അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുന്ന ബി.ജെ.പിക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് ഇൻഡ്യ മുന്നണി നീക്കം.

അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിലേക്ക് ഇല്ലെന്ന് 'ഇൻഡ്യ' മുന്നണി നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ പല നേതാക്കൾക്കും ഇതിന് ശേഷമാണ് രാമക്ഷേത്ര ട്രസ്റ്റ് നേതാക്കൾക്ക് ക്ഷണക്കത്ത് നൽകിയത്. കത്ത് ലഭിച്ച അരവിന്ദ് കെജ്‌രിവാളും അഖിലേഷ് യാദവും ചടങ്ങിന് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ ക്ഷണം ലഭിച്ച എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറും ഇതേ നിലപാട് ഉയർത്തി ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ ചമ്പത് റായിക്ക് മറുപടി നൽകി. ചടങ്ങിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സന്തോഷത്തിൽ പങ്കുചേരുന്നു എന്നും പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യ സന്ദർശിക്കുമെന്നും മറുപടി കത്തിൽ എൻസിപി അധ്യക്ഷൻ വ്യക്തമാക്കി. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ഇതേ നിലപാടാണ് സ്വീകരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അയോധ്യ രാമക്ഷേത്രം മുൻ നിർത്തി ബി.ജെ.പി പ്രചാരണം ശക്തമാകുകയാണ്. ലവ കുശ യാത്ര ബിഹാറിൽ നടത്താനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെടുത്തിയ സംസ്ഥാന സർക്കാർ സീത ജന്മഭൂമി ഉയർത്തി പ്രചരണം ശക്തമാക്കുന്നുണ്ട്. സീത ക്ഷേത്രവുമായി ബന്ധപ്പെട്ട തീർഥാടനത്തിനു പ്രാധാന്യം നൽകാനാണ് ജെഡിയു നീക്കം.

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ദിവസം മമത ബാനർജി സർവ ധർമ റാലിയും ബദലായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങിൻ്റെ അന്ന് രാഹുൽ ഗാന്ധി ഗുവാഹത്തിയിലും ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിലും ക്ഷേത്ര ദർശനം നടത്തും. ഡൽഹിയിൽ ആംആദ്മി പാർട്ടി തുടക്കം കുറിച്ച രാമായണ പാരായണ ക്യാംപയിനും ബി.ജെ.പിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

TAGS :

Next Story