'മകൻ ബിജെപി എംഎൽഎയുടെ പ്രതിനിധി, വേട്ടയാടുന്നു'; ആദിവാസിയുടെ മേൽ മൂത്രമൊഴിച്ചയാളുടെ അച്ഛന്റെ പ്രതികരണം
വീഡിയോ വ്യാജമാണെന്നും പ്രവേശ് ശുക്ല തന്നോടൊന്നും ചെയ്തില്ലെന്നും കാണിച്ച് ആദിവാസി യുവാവിനോട് സത്യവാങ്മൂലം എഴുതിവാങ്ങിച്ചതായി ആരോപണമുണ്ട്
'അദ്ദേഹം ബിജെപി എംഎൽഎയുടെ പ്രതിനിധിയാണ്. അതിനാൽ പ്രതിപക്ഷം ടാർഗെറ്റ് ചെയ്യുകയാണ്. കേസിൽ കൃത്യമായ അന്വേഷണത്തിലൂടെ നീതി പുലരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' രമാകാന്ത് പറഞ്ഞു. വീഡിയോ വ്യാജമാണെന്നും തന്റെ മകൻ കൊല്ലപ്പെടാനിടയുണ്ടെന്നും രമാകാന്ത് പറഞ്ഞു.
പ്രവേശ് ശുക്ല സിദ്ധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ പ്രതിനിധിയാണെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു. എന്നാൽ കേദാർ പ്രവേശുമായുള്ള ബന്ധം നിഷേധിച്ചു. തനിക്ക് മൂന്നു പ്രതിനിധികളാണുള്ളതെന്നും അവരിൽ പ്രവേശില്ലെന്നുമാണ് എംഎൽഎ പറഞ്ഞത്. എന്നാൽ ഇതിന് വിരുദ്ധമായാണ് രമാകാന്തിന്റെ വാക്കുകൾ.
ആറു ദിവസം മുമ്പാണ് ആദിവാസി യുവാവിന്റെ മുഖത്ത് പ്രവേശ് മൂത്രമൊഴിച്ചത്. എന്നാൽ ചൊവ്വാഴ്ചയാണ് സംഭവം പൊലീസ് കണ്ടെത്തിയത്. സംഭവത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അപലപിച്ചിരുന്നു. കോൺഗ്രസ് നേതാവ് കമൽനാഥും വിമർശിച്ചു.
അതിനിടെ, ഗോത്ര വർഗക്കാരനായ തൊഴിലാളിയായ പാലേ കോൾ വീഡിയോ പ്രചരിച്ചതോടെ ഭയത്തിലാണ്. വീഡിയോ വ്യാജമാണെന്നും പ്രവേശ് ശുക്ല തന്നോടൊന്നും ചെയ്തില്ലെന്നും കാണിച്ച് ഇദ്ദേഹത്തോട് സത്യവാങ്മൂലം എഴുതിവാങ്ങിച്ചതായി ആരോപണമുണ്ട്.
അതേസമയം, ശുക്ലക്കെതിരെ ഐപിസി 294, 504, എസ്സി/എസ്ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്, പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ നിയമനടപടികൾ ഉടൻ സ്വീകരിക്കുമെന്നും സിധി അഡീഷണൽ പൊലീസ് സൂപ്രണ്ട് അഞ്ജുലത പട്ലെ പറഞ്ഞു.
'ഞങ്ങൾ പ്രതിയെ (പ്രവേഷ് ശുക്ല) കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിഷയത്തിൽ കൂടുതൽ നിയമ നടപടികൾ ഉടൻ സ്വീകരിക്കും.' എഎസ്പി പട്ലെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ആദിവാസി യുവാവിൻറെ മുഖത്തേക്ക് പ്രവേശ് മൂത്രമൊഴിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. 'സിദ്ധി ജില്ലയിലെ ഒരു വൈറൽ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും എൻഎസ്എ ചുമത്താനും നിർദേശം നൽകി'' മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു. മനുഷ്യത്വത്തിന് അപമാനം എന്നാണ് ചൗഹാൻ സംഭവത്തെ വിശേഷിപ്പിച്ചത്.
ബി.ജെ.പി ഭരണത്തിൽ ആദിവാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ മുഴുവൻ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദലിതുകളോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന മുഖവും യഥാർഥ സ്വഭാവവും വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Pravesh Shukla's father Ramakant Shukla reacts to the incident of his son urinating on the face of a tribal youth in Madhya Pradesh.
Adjust Story Font
16