റാണാ അയ്യൂബ് ഹാജരാകണമെന്ന സമൻസ് സുപ്രിംകോടതി ഈ മാസം 31 വരെ തടഞ്ഞു
സമൻസ് റദ്ദാക്കണമെന്ന റാണാ അയ്യൂബിന്റെ ഹരജി സുപ്രിംകോടതി വാദം കേൾക്കാനായി മാറ്റിയ സാഹചര്യത്തിലാണ് നടപടി
റാണാ അയ്യൂബ്
ഡല്‍ഹി: മാധ്യമപ്രവർത്തക റാണാ അയ്യൂബ് ഗാസിയാബാദ് കോടതിയിൽ ഹാജരാകണമെന്ന സമൻസ് സുപ്രിംകോടതി ഈ മാസം 31 വരെ തടഞ്ഞു. സമൻസ് റദ്ദാക്കണമെന്ന റാണാ അയ്യൂബിന്റെ ഹരജി സുപ്രിംകോടതി വാദം കേൾക്കാനായി മാറ്റിയ സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതിയാണ് റാണാ അയ്യൂബിന് സമൻസ് അയച്ചത്.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റാണാ അയൂബ് ഫണ്ട് ശേഖരണം നടത്തി വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. തുടര്‍ന്നാണ് ഹാജരാവാന്‍ ഗാസിയാബാദ് കോടതി റാണാ അയ്യൂബിന് സമന്‍സ് അയച്ചത്. മുതിര്‍ന്ന അഭിഭാഷകയായ വൃന്ദ ഗ്രോവറാണ് റാണാ അയ്യൂബിനായി സുപ്രിംകോടതിയില്‍ ഹാജരായത്.
റാണ അയ്യൂബിന്‍റെ 1 കോടി 77 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടിയിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു നടപടി. മൂന്ന് ക്യാമ്പയിനുകൾക്കായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങൾക്കു ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് ഇ.ഡിയുടെ വാദം.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായാണ് റാണാ അയ്യൂബ് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചത്. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ കെറ്റോയിലൂടെ 2.69 കോടി റാണാ അയ്യൂബ് സ്വരൂപിച്ചെന്ന് ഇ.ഡി പറയുന്നു. പിതാവിന്‍റെയും സഹോദരിയുടെയും അക്കൌണ്ടുകള്‍ വഴിയാണ് റാണാ അയ്യൂബ് പണം സ്വരൂപിച്ചതെന്നും ഇത് പിന്നീട് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. 29 ലക്ഷം മാത്രമേ ദുരിതാശ്വാസത്തിനായി ഉപയോഗിച്ചുള്ളൂവെന്നും ഇ.ഡി ആരോപിക്കുന്നു. 2021 സെപ്റ്റംബറില്‍ ഗാസിയാബാദ് പൊലീസ് റാണാ അയ്യൂബിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു.
അതേസമയം ആരോപണങ്ങള്‍ റാണാ അയ്യൂബ് നിഷേധിച്ചു. മഹാരാഷ്ട്ര സി.എം കെയേഴ്‌സ് ഫണ്ടിലേക്കും പിഎം കെയേഴ്‌സ് ഫണ്ടിലേക്കും 74.50 ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.14 കോടി രൂപ വിനിയോഗിച്ചു. ബാക്കി പണം ആശുപത്രി നിര്‍മാണത്തിനായി ഫിക്സഡ് ഡെപോസിറ്റായി ഇട്ടതാണെന്നും റാണാ അയ്യൂബ് വ്യക്തമാക്കി.
Summary- The Supreme Court on Wednesday asked a court in Ghaziabad to adjourn its proceedings against journalist Rana Ayyub in connection with a money laundering case
Adjust Story Font
16