Quantcast

ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

സംസാരശേഷിയില്ലാത്ത 16കാരിയെയാണ് അയൽവാസിയായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    30 Jun 2024 8:34 AM GMT

Rapist nailed by cognitively challenged, speech-impaired girl gets life sentence
X

മുംബൈ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം. ഇരയായ പെൺകുട്ടി താൻ നേരിട്ട ക്രൂരത ആം​ഗ്യഭാഷയിൽ വിവരിച്ചതിനു പിന്നാലെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ വാസൈ പ്രത്യേക കോടതിയാണ് 48കാരനായ സനേഹി ശ്രീകിഷൻ ​ഗൗഡിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.വി കോൻ​ഗൽ ആണ് പോക്സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്. 16കാരിയായ പെൺകുട്ടിയെയാണ് അയൽവാസിയായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു സംഭവം.

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ അറിയിച്ചു. തുടർന്ന്, താൻ നേരിട്ട ക്രൂരതകൾ പെൺകുട്ടി ആം​ഗ്യഭാഷയിൽ മാതാവിനോട് വിവരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

ആം​ഗ്യഭാഷയിലൂടെ കാര്യങ്ങൾ വിവരിച്ച ഇരയായ പെൺകുട്ടിയടക്കം ഒമ്പത് സാക്ഷികൾ കോടതിയിൽ മൊഴി നൽകിയതായി പ്രോസിക്യൂട്ടർ പറഞ്ഞു. പെൺകുട്ടിക്ക് മിതമായ ബൗദ്ധിക വൈകലമുണ്ടെന്നും കൃത്യത്തിന്റെ തെറ്റും ശരിയും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നൽകേണ്ടതുണ്ടെന്നും ജഡ്ജ് പറഞ്ഞു. തുടർന്ന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.

TAGS :

Next Story