ആരോഗ്യ നില മോശമായി; ലാലുപ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി
കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യഹരജി കേൾക്കുന്നത് ഏപ്രിൽ ഒന്നിലേക്ക് മാറ്റിവെച്ചിരുന്നു
ആരോഗ്യ നില മോശമായതിനെ തുടർന്ന് രാഷ്ട്രീയ ജനതാദൾ നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഇന്നാണ് ഡൽഹിയിലേക്ക് മാറ്റിയത്. ഹൃദയത്തിലും കിഡ്‌നിയിലും പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു മാറ്റം.
കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യഹരജി കേൾക്കുന്നത് ഏപ്രിൽ ഒന്നിലേക്ക് മാറ്റിവെച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐ കോടതി ലാലുപ്രസാദ് യാദവിന് അഞ്ചാം കുംഭകോണക്കേസിൽ അഞ്ചു വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഫെബ്രുവരി 15നാണ് ടൊറണ്ട ട്രഷറിയിൽനിന്ന് 139.35 കോടി അന്യായമായി പിൻവലിച്ചതിൽ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നത്.
നാലാമത്തെ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് 2018 ജൂൺ നാലിന് റാഞ്ചി സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. കേസിൽ പ്രതിയായിരുന്ന മുൻമുഖ്യമന്ത്രി ജഗന്നാഥ മിശ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. ബിഹാറിലെ ധുംക്ക ട്രഷറിയിൽ നിന്നും 1995 - 1996 കാലഘട്ടത്തിൽ വ്യാജരേഖകളുപയോഗിച്ച് മൂന്ന് കോടിയിൽ അധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അന്ന് കണ്ടെത്തിയത്.
കേസിൽ ലാലുവും ജഗന്നാഥ മിശ്രയും ഉൾപ്പടെ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യത്തെ കേസിൽ 2013ൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ അഞ്ച് വർഷം ശിക്ഷ ലഭിച്ചു. രണ്ടാമത്തെ കേസിൽ 2017 ഡിസംബറിൽ 3.5 വർഷവും മൂന്നാമത്തെ കേസിൽ 2018 ജനുവരിയിൽ അഞ്ച് വർഷം തടവും ലാലുവിന് ശിക്ഷ വിധിച്ചു.
നേരത്തെ കാലിത്തീറ്റ കുംഭകോണ കേസിലെ ജയിൽ ശിക്ഷയും ഡൽഹി എയിംസിലെ ചികിത്സക്കും ശേഷം ആർ.ജെ.ഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് സ്വന്തം തട്ടകമായ പാറ്റ്‌നയിൽ 2021 ഒക്‌ടോബറിലാണ് തിരിച്ചെത്തിയിരുന്നത്. മൂന്നര വർഷത്തെ ഇടവേളക്കു ശേഷമായിരുന്നു ലാലു മടങ്ങിയെത്തിയത്. ജയിൽ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ഡൽഹിയിലെ മകൾ മിസ ഭാർതിയുടെ വീട്ടിലായിരുന്നു ലാലു. കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ഡിസംബർ മുതൽ ലാലു ജയിലിലായിരുന്നു. 2018 ആഗസ്തിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ഡി.എൽ.എഫ് അഴിമതിക്കേസിൽ ലാലുപ്രസാദ് യാദവിന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. കേസന്വേഷിച്ച സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കുറ്റാരോപണം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ലീൻ ചിറ്റ് നൽകിയത്. മുംബൈയിലെ ബാന്ദ്ര റെയിൽ ലാൻഡ് ലീസ് പദ്ധതിക്കും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിക്കും വേണ്ടി ഡി.എൽ.എഫ് കമ്പനി ലാലുപ്രസാദ് യാദവിനു കോഴ നൽകിയെന്നായിരുന്നു കേസ്. സൗത്ത് ഡൽഹിയിലെ ഭൂമി ലാലു പ്രസാദ് യാദവിന് ഡി.എൽ.എഫ് കമ്പനി നൽകിയെന്നായിരുന്നു ആരോപണം. 2018ലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ അറിയിക്കുകയായിരുന്നു. കേസിൽ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
എന്താണ് കാലിത്തീറ്റ കുംഭകോണം?
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ നേരത്തെ തന്നെ ലാലു ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്.
Rashtriya Janata Dal leader Lalu Prasad Yadav has been transferred to Delhi AIIMS due to ill health.
Adjust Story Font
16