Quantcast

സി.ബി.എസ്.ഇ രാഷ്ട്രീയ ശിക്ഷാ ഷ്രെഡ്ഡറായി- പാഠ്യപദ്ധതിയിലെ പുതിയ മാറ്റങ്ങളിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ചേരിചേരാ പ്രസ്ഥാനം, ശീതസമര കാലഘട്ടം, ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ കോടതികളിലെ രേഖകൾ, വ്യവസായ വിപ്ലവം തുടങ്ങിയ പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 April 2022 10:49 AM GMT

സി.ബി.എസ്.ഇ രാഷ്ട്രീയ ശിക്ഷാ ഷ്രെഡ്ഡറായി- പാഠ്യപദ്ധതിയിലെ പുതിയ മാറ്റങ്ങളിൽ വിമർശനവുമായി രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: സി.ബി.എസ്.ഇ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചേരിചേരാ പ്രസ്ഥാനം, മുഗൾകോടതി രേഖകൾ, ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം തുടങ്ങിയ പാഠഭാഗങ്ങൾ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് രാഹുലിൻരെ വിമർശം.

രാഷ്ട്രീയ ശിക്ഷാ ഷ്രെഡ്ഡർ ആയിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(സി.ബി.എസ്.ഇ) എന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശം. ആർ.എസ്.എസിനെയും ഉപയോഗശൂന്യമായ പേപ്പറുകൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഷ്രെഡ്ഡർ മെഷീനും വ്യംഗ്യമായി ചേർത്തായിരുന്നു രാഹുലിന്റെ ട്വീറ്റ്. വിദ്യാഭ്യാസം ഇല്ലാതാക്കുന്ന കേന്ദ്ര ബോർഡ് എന്ന പട്ടികയ്ക്കു താഴെ ജനാധിപത്യവും ബഹുസ്വരത, കാർഷികരംഗത്തെ ആഗോളവൽക്കരണത്തിന്റെ ആഘാതം, ചേരിചേരാ പ്രസ്ഥാനം, മുഗൾ കോടതി, വ്യാവസായിക വിപ്ലവം, ഫൈസിൻരെ കവിതകൾ തുടങ്ങിയ അക്കമിട്ടുനിരത്തുകയും ചെയ്തിട്ടുണ്ട്.

11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിലാണ് വലിയ രീതിയിൽ മാറ്റംവരുത്താൻ സി.ബി.എസ്.ഇ ഒരുങ്ങുന്നത്. ചേരിചേരാ പ്രസ്ഥാനം, ശീതസമര കാലഘട്ടം, ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ കോടതികളിലെ രേഖകൾ, വ്യവസായ വിപ്ലവം തുടങ്ങിയ പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. സമാനമായ രീതിയിൽ പത്താംക്ലാസിലെ 'ഭക്ഷ്യ സുരക്ഷ' എന്ന പാഠഭാഗത്ത് 'കാർഷികമേഖലയിൽ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ' എന്ന ഭാഗം ഒഴിവാക്കി. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയും സിലബസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിലബസ് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടിയുടെ നിർദേശപ്രകാരമാണ് പാഠഭാഗങ്ങൾ ഒഴിവാക്കുന്നതെന്നാണ് സി.ബി.എസ്.ഇയുടെ വിശദീകരണം. പതിനൊന്നാം ക്ലാസിലെ 'സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ്' എന്ന പാഠഭാഗത്ത് ആഫ്രോ-ഏഷ്യൻ മേഖലയിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയത്തെ കുറിച്ചും അവരുടെ സാമൂഹിക, സാമ്പത്തിക സംഭാവനകളെക്കുറിച്ചുമാണ് പറയുന്നത്. ഈ പാഠഭാഗമാണ് ഒഴിവാക്കുന്നത്.

നേരത്തെയും സിലബസ് നവീകരണത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ പാഠഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. 2020ൽ 11-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽ 'ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം' എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ മൂല്യനിർണയത്തിൽ പരിഗണിക്കില്ലെന്ന സി.ബി.എസ്.ഇ തീരുമാനം വലിയ വിവാദമായിരുന്നു. പിന്നീട് 2021-22 അധ്യയനവർഷത്തിൽ ഈ ഭാഗങ്ങൾ വീണ്ടും സിലബസിൽ തിരിച്ചുകൊണ്ടുവരികയും ചെയ്തു.

Summary: 'Rashtriya Shiksha Shredder': Rahul Gandhi on CBSE syllabus change reports

TAGS :

Next Story