Quantcast

രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; അനുശോചിച്ച് പ്രമുഖർ

വെർലിയിലെ പൊതുശ്മാശനത്തിലാണ് സംസ്കാരം

MediaOne Logo

Web Desk

  • Updated:

    2024-10-10 03:36:12.0

Published:

10 Oct 2024 3:28 AM GMT

രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; അനുശോചിച്ച് പ്രമുഖർ
X

ഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും.മുംബൈയിലെ NCPA യില്‍ രാവിലെ 10 മുതല്‍ 4വരെ പൊതുദർശനം നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ വെർലിയിലെ പൊതുശ്മാശനത്തിലാണ് സംസ്കാരം.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

രത്തൻ ടാറ്റയുടെ നിര്യാണത്തിൽ പ്രമുഖർ അനു​ശോചിച്ചു. ദീർഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. രത്തൻടാറ്റയുടെ കുടുംബത്തെ അനുശോചനം അറിയിച്ച രാഷ്ട്രപതി. ദ്രൗപതി മുർമു കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭയായിരുന്നു രത്തൻ ടാറ്റയെന്ന് അഭിപ്രായപ്പെട്ടു. മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

1937 ഡിസംബർ 28ന് ബോംബെയിലാണ് രത്തൻ ജനിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജംഷഡ്ജിയുടെ മകൻ രത്തൻജി ദത്തെടുത്ത നെവൽ ടാറ്റയുടെ മകനാണ് രത്തൻ ടാറ്റ. 24 മത്തെ വയസിൽ ടാറ്റാ സ്റ്റീൽ കടയിൽ ജോലിക്കാരനായിട്ടാണ് ബിസിനസ് രംഗത്തേക്ക് പിച്ചവെക്കുന്നത്. പടി പടിയായി ഉയർന്നു 1970 ആയപ്പോൾ മാനേജർ കസേരയിലെത്തി. 1991ൽ ചെയർമാൻ പദവി ഏറ്റെടുത്ത രത്തൻ ടാറ്റ ഗ്രൂപ്പിന്റെ അകത്തും പുറത്തുമുള്ള കൊടുങ്കാറ്റിനെ അതിജീവിച്ചു മുന്നേറി. ജാഗ്വർ ഉൾപ്പെടെയുള്ള കാർ വിദേശ കമ്പനികളെ ടാറ്റാ ഏറ്റെടുത്തു. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തി പുതിയ തലച്ചോറുകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്തു. ശരാശരി ഇന്ത്യക്കാരന് താങ്ങാനാവുന്ന, ഒരു ലക്ഷം രൂപയുടെ കാറിന്റെ സ്രഷ്ടാവായി.

നാനോ കാർ ഉത്പാദന യൂണിറ്റിന് ബംഗാളിൽ തുടക്കമിട്ടപ്പോൾ രാഷ്ട്രീയ ചുഴലി വീശിയടിച്ചു. പിന്മാറാതെ, ഗുജറാത്തിലെ പ്ലാന്റിൽ സ്വപ്നം വിരിയിച്ചെടുത്തു. 75 വയസ് തികഞ്ഞപ്പോൾ 21 വർഷം നീണ്ട ചെയർമാൻ പദവിയിൽ നിന്ന് പടിയിറങ്ങി. 2016ൽ ടാറ്റ ഗ്രൂപ്പിലെ കലുഷിത അന്തരീക്ഷത്തിൽ 15 മാസത്തേക്ക് കടിഞ്ഞാൺ ഏറ്റെടുത്ത് വീണ്ടും അമരക്കാരനായി. സ്നാപ് ഡീൽ മുതൽ ഓല കാബ്‌സിൽ വരെ ഗ്രൂപ്പ് നിക്ഷേപം നടത്തി. വ്യവസായ ശാലകൾക്കൊപ്പം മികച്ച ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. തൊഴിലാളികളും ഗ്രൂപ്പും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ കരുത്തുള്ളതാക്കി. മനുഷ്യ മുഖമുള്ള ബിസിനസ് സാമ്രാജ്യമാക്കി ടാറ്റയെ മാറ്റി. ആകാശവും കരയും കടലും ടാറ്റയുടെ ഉത്പന്നങ്ങൾ കീഴടക്കി. ടാറ്റ ഉത്പന്നങ്ങളെ ഉപയോഗിക്കാതെയും സേവനങ്ങളെ അനുഭവിക്കാതെയോ ഒരിന്ത്യക്കാരന് ഒരു ദിവസം പൂർത്തിയാക്കാൻ കഴിയാത്ത നിലയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം ടാറ്റയുടെ തലപ്പത്തുനിന്ന് വിടവാങ്ങിയത്. ഉയരം കൂടുംതോറും സഹജീവികളോടുള്ള കരുണ വർധിപ്പിക്കുകയും ചെയ്ത അസാധാരണ ജീവിതത്തിനാണ് ഇന്നലെ തിരശീല വീണത്.

TAGS :

Next Story