മയക്കുമരുന്ന് കേസിൽ തെലുങ്ക് നടൻ രവി തേജ അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരായി
തേജക്ക് പുറമേ ടോളിവുഡിൽ നിന്ന് പത്തുപേർക്ക് കേസിൽ ഇഡി സമൻസ് അയച്ചിട്ടുണ്ട്
ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ പ്രമുഖ തെലുങ്ക് നടൻ രവി തേജ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. 2017 ൽ നഗരത്തിൽ നടന്ന മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
രവി തേജക്ക് പുറമെ ഡയറക്ടർമാരും നടന്മാരുമടക്കം ടോളിവുഡിൽനിന്ന് പത്തുപേർക്ക് ഇഡി സമൻസ് അയച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ്, നടിമാരായ ചാർമി കൗർ, രാകുൽ പ്രീത്, നടന്മരായ നന്ദു, റാണ ദഗുബട്ടി എന്നിവരും കേന്ദ്ര ഏജൻസിക്ക് മുമ്പിൽ ഹാജരായി.
മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് 2017 ൽ തെലങ്കാന പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ഡിപ്പാർട്ട്‌മെൻറിന്റെ പിടിയിലായ സംഗീതജ്ഞൻ കാൽവിൻ മസ്‌കരാനസെയും ഇഡി ചോദ്യം ചെയ്തു.
റാക്കറ്റ് വൻവീര്യമുള്ള എൽ.എസ്.ഡി, എം.ഡി.എം.എ എന്നിവയാണ് വിതരണം ചെയ്തത്. നിരവധി മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും യുഎസ് പൗരനടക്കം 20 പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ യു.എസ് പൗരൻ നാസയിൽ ജോലി ചെയ്ത എയറോസ്‌പൈസ് എൻജിനീയറായിരുന്നു. ഡച്ച്, സൗത്ത് ആഫ്രിക്കൻ പൗരന്മാരും മൾട്ടി നാഷനൽ കമ്പനികളിൽ ജോലി ചെയ്യുന്ന ബിടെക് ബിരുദദാരികളും കേസിൽ അറസ്റ്റിലായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ടോളിവുഡിലെ 11 പേരെ ചോദ്യം ചെയ്തിരുന്നു.
Adjust Story Font
16