മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളിൽ വീണ്ടും വോട്ടെടുപ്പ്
ഏപ്രിൽ 30നാണ് റീപോളിങ്
ഇംഫാൽ: ഔട്ടർ മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളിൽ ഏപ്രിൽ 30ന് വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഉഖ്രുൽ, ചിങ്ങായി, കരോങ് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ആറ് കേന്ദ്രങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 26ന് നടന്ന വോട്ടെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും വിവിപാറ്റ് സംവിധാനങ്ങളിലും കൃത്രിമം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് നിർദേശം.
ഈ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് മണിപ്പൂർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രദീപ് കുമാർ ഝാ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെയാകും വോട്ടെടുപ്പ്.
19 പോളിങ് കേന്ദ്രങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചിരുന്നു. ഇന്നർ മണിപ്പൂർ, ഔട്ടർ മണിപ്പൂർ എന്നിങ്ങനെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് മണിപ്പൂരിലുള്ളത്.
ഇന്നർ മണിപ്പൂരിൽ ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 11 പോളിങ് കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഏപ്രിൽ 22ന് റീപോളിങ് നടത്തിയിരുന്നു. ആൾക്കൂട്ട അക്രമവും ഇ.വി.എമ്മും തെരഞ്ഞെടുപ്പ് യന്ത്രങ്ങളും നശിപ്പിച്ചതിനാലുമാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടന്നത്.
Adjust Story Font
16